ഭക്ഷണത്തില്‍ വിഷം കലരുന്നതെങ്ങനെ?; മഴക്കാലത്ത് കരുതിയിരിക്കേണ്ടതെന്ത്?

ആഹാരം ആരോഗ്യത്തിന്റേതും ആനന്ദത്തിന്റേതുമാണ്. എന്നാൽ അപകടകരമായ ആഹാരം വിഷമായി മാറുന്ന വാർത്തകളാണ് ഈയടുത്ത  കാലത്ത് തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ പത്തോളം ഭക്ഷ്യവിഷബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

ഏറ്റവുമൊടുവിൽ ഭക്ഷണം വിഷമായ വാർത്ത കേട്ടത്  മംഗളൂരുവിൽ നിന്ന് തുരുവനന്തപുരത്തേക്ക് പുറപ്പെട്ട മാവേലി എക്സ്പ്രസിൽ  നിന്നാണ്. ട്രയിനിൽ നിന്ന് ഭക്ഷണം കഴിച്ച ഒൻപത് കുട്ടികളടക്കം  11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. 9 കുട്ടികളും ഛർദിച്ച് അവശരാവുകയും ഒരു  കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു. ഭാഗ്യവശാൽ ഗുരുതരാവസ്ഥയിലേക്ക് പോവാതെ എല്ലാവരെയും രക്ഷിക്കാൻ കഴിഞ്ഞു. ചെറുവത്തൂരിലെ കടയിൽനിന്ന് ഷവർമ കഴിച്ച് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചതോടെയാണ് ഭക്ഷണശുചിത്വത്തെക്കുറിച്ചുള്ള ആശങ്കകൾ  വീണ്ടും സജീവമായത്. വിദ്യാർഥിനിയുടെ മരണത്തോടൊപ്പം തന്നെ ഇതേ കടയിൽ നിന്ന് ഷവർമ കഴിച്ച 50ലേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തു. തീർന്നില്ല. വയനാട്ടിൽ വിനോദയാത്ര പോയ കുടുംബത്തിന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം  അസ്വാസ്ഥ്യമുണ്ടായതും ഈ മാസം തന്നെ. നാദാപുരത്ത് മരിച്ച സ്ത്രീക്ക്  ഭക്ഷ്യവിഷബാധയേറ്റത് വീട്ടിലെ ചെമ്മീൻ കറിയിൽ നിന്നാണ്.  മലപ്പുറത്ത് മന്തി കഴിച്ചവർക്കും ഭക്ഷ്യവിഷബാധയേറ്റു.ഇതിൽ ഒടുവിലത്തേതാണ് ട്രെയിനിലെ വിഷബാധ

എന്തുകൊണ്ട് തുടർച്ചയായി ഭക്ഷ്യവിഷബാധകൾ സംഭവിക്കുന്നു?  ഭക്ഷണം വിഷമാകുന്നത് എങ്ങനെയാണ്? ആസ്വദിച്ച്, വിശ്വസിച്ച് നാം  കഴിക്കുന്ന ഭക്ഷണം വിഷമയമാക്കുന്ന പ്രധാന വില്ലൻ ആരാണ്? വീട്ടിൽനിന്നും പുറത്തേക്കുള്ള രുചിവൈവിധ്യങ്ങളന്വേഷിച്ചുള്ള  മലയാളിയുടെ മാറ്റത്തിന്റെ വഴിയിൽ തന്നെയാണ് അപകടവും  പതിയിരിക്കുന്നത്. കോവിഡ് കാലം തുടങ്ങിയതോടെ പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം പിന്നെയും കൂടി. മുട്ടിന് മുട്ടിന് 

തുടങ്ങിയ തട്ടുകടകളിലേക്കും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലേക്കും ഓടുമ്പോൾ പലപ്പോഴും ഓർക്കാൻ മറന്നുപോകുന്നത് ആ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ്. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പലപ്പോഴും ചില ഹോട്ടൽ 

നടത്തിപ്പുകാർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. പല ഹോട്ടലുകളിലെയും ജീവനക്കാരും വ്യക്തി ശുചിത്വത്തെക്കുറിച്ചുപോലും പ്രാഥമികമായ അറിവുപോലും ഇല്ലാതെയാണ് നമുക്ക് ഭക്ഷണം വിളമ്പുന്നതെന്ന് ചെറുവത്തൂരിലെ പെണ്‌‍കുട്ടിയുടെ മരണത്തിനുശേഷം  സജീവമായ ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ കണ്ട കാഴ്ചകളിൽ നിന്ന് സുവ്യക്തമാണ്.

രാജ്യത്ത് ഏറ്റവുമധികം മാംസാഹാരം കഴിക്കുന്നവരിൽ അഞ്ചാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഈ  മാംസാഹാരപ്രിയത്തോളം ശ്രദ്ധ അത് കൈകാര്യം ചെയ്യുന്നതിൽ കൊടുക്കാത്തതു തന്നെയാണ് പ്രധാന അപകടം. ഭക്ഷണം മൂലം മരണം സംഭവിക്കുന്ന കേസുകളിലൊക്കെയും മൽസ്യവും  മാംസവും തന്നെയാണ് പ്രതിസ്ഥാനത്ത്.

മാംസാഹാരപ്രിയരുടെ നാടായ കേരളത്തിൽ ശാസ്ത്രീയമായ അറവുശാലകൾ വിരലിൽ എണ്ണാവുന്നവ. അറവുശാലകളുടെ  നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ മാനദണ്ഡങ്ങളുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ല. ഹോട്ടലുകളിലെയും അവസ്ഥ ഇതുതന്നെ. പല  തവണ പുറത്തെടുത്തു വച്ചശേഷം ഫ്രിഡ്ജിലേക്ക് തള്ളി സൂക്ഷിക്കുന്ന മാംസം പെറ്റുപെരുകുന്ന ബാക്ടീരിയകളുടെ ആവാസസ്ഥലമായി മാറിക്കഴിഞ്ഞിരിക്കും. 

വീടുകളിലും വേണം ജാഗ്രത. ആഴ്ചയിലൊരിക്കൽ പാകം ചെയ്ത് ഫ്രിഡ്ജിൽ ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്ന ഭക്ഷണവും അപകടം ക്ഷണിച്ചുവരുത്തിയേക്കാം.അഞ്ച് ദിവസത്തിൽ  കൂടുതൽ മാംസം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. മൽസ്യവും മാംസവും വൃത്തിയായി കഴുകി ആവശ്യത്തിനുള്ളത് എടുത്തശേഷം പോളിത്തീൻ കവറിലാക്കി ഫ്രീസറിൽ തന്നെ സൂക്ഷിക്കുന്നതാണ് ശാസ്ത്രീയ രീതി. പുറത്തെടുത്താൽ ദുർഗന്ധമോ അസ്വാഭാവികമായ നിറം മാറ്റമോ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയേ പാചകത്തിനെടുക്കാവൂ. മാംസം പാകം ചെയ്യാതെ അധികസമയം  പുറത്തുവയ്ക്കുന്നതും രോഗാണുക്കൾക്കുളള വഴിയൊരുക്കും. ഫ്രിഡ്ജിൽ നിന്ന് പുറത്തെടുക്കുന്ന ഭക്ഷണപദാർഥങ്ങൾ നിശ്ചിതസമയത്തിന്  മുൻപ് പാകം ചെയ്യുന്നതും പല തവണ താപവ്യതിയാനം വരുത്തുന്നതുമൊക്കെ രാസമാറ്റങ്ങൾക്ക് കാരണമാകും. രാസമാറ്റം സംഭവിക്കുന്ന ഭക്ഷണപദാർഥങ്ങളിലാണ് സാൽമൊണെല്ല, ഷിഗെല്ല തുങ്ങിയ ബാക്ടീരിയകൾ കടന്നുചെല്ലുക.

മഴക്കാലമാണ് വരാൻ പോകുന്നത്. ശുചിത്വമുള്ള ഭക്ഷണവും ആരോഗ്യമുള്ള ഭക്ഷണവും ഉറപ്പുവരാത്താൻ ചെറിയൊരു ശ്രദ്ധ മാത്രം മതി.കഴിവതും ചൂടോടെ അന്നന്ന് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ശീലിക്കുക എന്നതു തന്നെയാണ് പ്രധാനം. വീടുകളിൽ ആവശ്യമുള്ള  മാംസം മാത്രം വാങ്ങാൻ ശീലിക്കുക. പുറത്തുനിന്ന് കഴിക്കേണ്ടിവന്നാൽ ശുചിത്വമുള്ള പരിസരം ഉറപ്പുവരുത്തുക. ടിൻ ഫുഡ്, ബ്രഡ് പോലുള്ളവ  വാങ്ങുമ്പോൾ കാലാവധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പാക്കണം. മഴക്കാലമായാൽ ധാന്യങ്ങൾ അടക്കമുള്ളവയിൽ പൂപ്പൽ ബാധ ഇല്ല എന്നും  ഉറപ്പുവരുത്തണം. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു  ശേഷം മാത്രമേ ആഹാരം പാകം ചെയ്യാവൂ. പച്ചക്കറികൾ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. യാത്രകളിൽ കഴിവതും സസ്യാഹാരം കഴിക്കാൻ ശ്രമിക്കുന്നതും ഒരു കരുതലാണ്.

അതേ..കരുതൽ തന്നെയാണ് ഭക്ഷണം വിഷമാക്കുന്ന വില്ലനെ നേരിടാൻ ഏക ആയുധം. ശുചിത്വമുള്ള ഭക്ഷണവും ആരോഗ്യമുള്ള ജീവിതവും  നമ്മുടെ പ്രാഥമികമായ അവകാശമാണെന്ന് മറക്കാതിരിക്കുക.