സ്കൂളുകളിലെ ഭക്ഷ്യവിഷബാധ: ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി

സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി മനോരമ ന്യൂസിനോട്. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്, തിങ്കളാഴ്ച മുതല്‍ അതിന് നടപടി സ്വീകരിക്കും. പൊതുവിദ്യാഭ്യസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.ശിവന്‍കുട്ടി പറഞ്ഞു

കായംകുളത്തും കൊട്ടാരക്കരയിലുമാണ് സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. കായംകുളം പുത്തന്‍‌റോഡ് യുപി സ്കൂളിലെ 20 കുട്ടികളും കൊട്ടാരക്കര കല്ലുവാതുക്കല്‍ അംഗന്‍വാടിയിലെ നാലു കുട്ടികളുമാണ് ചികില്‍സതേടിയത്. സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചതാണ് കാരണമെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇന്നലെ വിഴിഞ്ഞത്തും 35 സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. കായംകുളം പുത്തൻ റോഡ് ടൗൺ യുപി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചഭഷണം കഴിച്ച കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ചർദിയും അനുഭവപ്പെട്ടത്. സ്കൂളില്‍നിന്ന് ചോറും സാമ്പാറും പയറുമാണ് കുട്ടികള്‍ കഴിച്ചത്.  20 കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്

കൊട്ടാരക്കരയില്‍ കല്ലുവാതുക്കൽ അംഗന്‍വാടിയില്‍ നിന്ന് വിതരണംചെയ്ത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് അസ്വസ്തതകളുണ്ടായത്. കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിൽ അംഗന്‍വാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ചികില്‍സതേടിയ നാലുകുട്ടികളും താലൂക്ക് ആശുപത്രി വിട്ടു. ഇന്നലെ വിഴിഞ്ഞം വെങ്ങാനൂര്‍ ഉച്ചക്കട എല്‍.എം എല്‍.പി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന കുട്ടികള്‍ക്കും പ്രശ്നമുണ്ടായെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്കൂള്‍ അഞ്ചു ദിവസത്തേക്ക് അടച്ചിരുന്നു.