പങ്കാളിക്കൊപ്പം ജീവിക്കണം; ലെസ്ബിയന്‍ പ്രണയിനി കോടതിയിലേക്ക്

രക്ഷാകര്‍ത്താക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെതുടര്‍ന്ന് പങ്കാളിക്കൊപ്പം ജീവിക്കാന്‍ നിയമസഹായം തേടി ലെസ്ബിയന്‍ പ്രണയിനി. തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും അതിനുശേഷം കാണാനില്ലെന്നുമാണ് പരാതി. ആലുവ സ്വദേശിനി ആദില നസ്റിനാണ് പൊലീസിനെ സമീപിച്ചത്.  ഉടന്‍ കോ‍ടതിയെയും സമീപിക്കുമെന്ന് ആദില മനോരമ ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി. 

സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23കാരിയുമായി പ്രണയത്തിലാവുന്നത്.  സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതുമുതല്‍ എതിര്‍പ്പായി. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടര്‍ന്നു. സമാന ജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. 

ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.  ഈ മാസം പത്തൊന്‍പതിന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണകേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.. പെട്ടന്നൊരുദിവസം  താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില.    പ്രായപൂര്‍ത്തിയായ തന്നെയും പങ്കാളിയെയും  സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.  പൊലീസും കോടതിയും ഇടപെടണമെന്ന് അപേക്ഷിക്കുകയാണ് ആദി.