ക്ലാസിലെ സീലിങ് തകർന്നുവീണു; ലക്ഷങ്ങള്‍ ചിലവിട്ട് നിർമാണം; രണ്ടാഴ്ച മുമ്പ് ഫിറ്റ്നസ്..!

അഞ്ചു മാസം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് കാട്ടാക്കടയിൽ സ്കൂൾ മന്ദിരത്തിൽ സ്ഥാപിച്ച സീലിങ് തകർന്നു. രണ്ടാഴ്ച മുൻപ് പഞ്ചായത്ത് മരാമത്ത് വകുപ്പ് ഫിറ്റ്നസ് നൽകിയ സ്കൂൾ മന്ദിരത്തിലെ ക്ലാസ് മുറിയിലാണ് അപകടം. അധ്യയനവർഷാരംഭത്തിനു മുൻപായതിനാൽ വൻദുരന്തം ഒഴിവായി. പൂവച്ചൽ പഞ്ചായത്തിലെ കുഴയ്ക്കാട് എൽപി സ്കൂളിലാണ് സംഭവം. പുതിയ മന്ദിരം നിർമിക്കാൻ പൊളിക്കാൻ തീരുമാനിച്ച സ്കൂൾ മന്ദിരത്തിലെ നാല് ക്ലാസ് മുറികളിലാണ് അഞ്ചു മാസം മുൻപ് നവീകരണത്തിന്റെ ഭാഗമായി സീലിങ് സ്ഥാപിച്ചത്.

ഇതിൽ ഒരു ക്ലാസ് മുറിയിലെ ഒരു ഭാഗത്തെ സീലിങ് ആണ് താഴെ പതിച്ചത്. മറ്റുള്ള മുറികളിലെ സീലിങ് അടർന്ന് വീഴാറായ നിലയിലും. മുൻ പഞ്ചായത്ത് ഭരണ സമിതിയാണ് സ്കൂൾ നവീകരണത്തിനു 8 ലക്ഷം രൂപ അനുവദിച്ചത്. സ്വകാര്യ കരാറുകാരനാണ് ജോലികൾ ചെയ്തത്. പഞ്ചായത്ത് മരാമത്ത് വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. നവീകരണ ജോലികൾ നടക്കുമ്പോൾ തന്നെ ജോലികളിൽ ക്രമക്കേട് ഉണ്ടെന്ന പരാതി പലവട്ടം അധികൃതർക്ക് രേഖാമൂലം പരാതി നൽകിയതായി വാർഡ് അംഗം അശ്വതി പറഞ്ഞു. പക്ഷേ അധികൃതർ പരിഗണിച്ചില്ല.