മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് അന്തരിച്ചു

adv-sudhakara-prasad
SHARE

മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് കൊച്ചിയില്‍ അന്തരിച്ചു. 81 വയസായിരുന്നു. ഒാള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്‍റെയും ഒന്നാം പിണറായി സര്‍ക്കാരിന്‍റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാലരയ്ക്ക് പച്ചാളം പൊതുശ്മശാനത്തില്‍.

പാണ്ഡ്യത്യം സര്‍വസജ്ജ ആയുധമാക്കിയ നിയമവിദഗ്ധനെന്ന് വിശേഷിപ്പിക്കാം സി.പി.സുധാകരപ്രസാദിനെ. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച വ്യക്തി. 2006 മുതൽ 2011 വരെയും 2016 മുതൽ 2021 വരെയും രണ്ടുതവണ അഡ്വക്കേറ്റ് ജനറൽ. സർവീസ് , ഭരണഘടന കേസുകളില്‍ പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ട് സംസ്ഥാന സര്‍ക്കാരിന് നിയമവഴികളില്‍ വഴികാട്ടിയായി. 1940 ജൂലൈ 24ന് വർക്കല ചാവർകോട് ജനനം. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജിൽനിന്ന് നിയമ ബിരുദം നേടി.  1964ൽ കൊല്ലത്ത് സി വി പത്മരാജന്റെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിച്ചു. വളരെ പെട്ടെന്ന് ഹൈക്കോടതിയില്‍ സ്വതന്ത്ര അഭിഭാഷകനായി. 2002ൽ ഹൈക്കോടതി സ്വമേധയാ മുതിർന്ന അഭിഭാഷക പദവി നൽകി ആദരിച്ച വ്യക്തിയാണ് സി.പി.സുധാകരപ്രസാദ്. ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ അഡ്വക്കേറ്റ് ജനറലായിരുന്നപ്പോള്‍ ക്യാബിനറ്റ് പദവി ഉണ്ടായിരുന്നു. 2016 മുതൽ 2019 വരെ കേരള ബാർ കൗൺസിൽ ചെയർമാൻ ആയിരുന്നു. നിലവില്‍ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്നു. സുധാകരപ്രസാദിന്റെ കൊച്ചി ചളിക്കവട്ടത്തെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിച്ചു. ഹൈക്കോടതി ജഡ്ജിമാരും, മുതിർന്ന അഭിഭാഷകരുമടക്കം നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

MORE IN KERALA
SHOW MORE