വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ; ശരീരത്തിൽ അടിയേറ്റ പാട്; ഭർത്താവും മകനും അറസ്റ്റിൽ

വിഴിഞ്ഞം: വീട്ടമ്മയെ കോവളം വെള്ളാറിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് അനിൽ(53), മകൻ അഭിജിത്(22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരുമ്പായി സൂര്യ കാലടിമനയ്ക്ക് സമീപം ഞണ്ടുപറമ്പിൽ വീട്ടിൽ ബിന്ദു(46)വാണ് മരിച്ചത്.  ഭർത്താവിന്റെയും മകന്റെയും മാനസിക പീഡനം സംബന്ധിച്ച് കോവളം സ്റ്റേഷനിൽ മുൻപ് ബിന്ദു പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ജീവനക്കാരനായ അനിലും കുടുംബവും 27 വർഷമായി കോവളത്താണ് വാടകയ്ക്ക് താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് ബിന്ദുവിനെ വീടിനുള്ളിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. .

ബിന്ദുവിന്റെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കോട്ടയത്തേക്ക് കൊണ്ടുപോയി.