സൗദിയില്‍ 10 വര്‍ഷമായി വധശിക്ഷ കാത്ത് അബ്ദുള്‍ റഹീം; മകന്റെ തിരിച്ചുവരവ് കാത്ത് ഉമ്മ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമം തുടരുമ്പോള്‍, സൗദിയില്‍ പത്തുവര്‍ഷമായി വധശിക്ഷ കാത്ത് കഴിയുന്ന മകന്റെ മോചനത്തിനായി കേഴുകയാണ് കോഴിക്കോട് ഫറോക്കിലെ ഒരു ഉമ്മ. മരിച്ച കുട്ടിയുടെ കുടുംബം മാപ്പ് നല്‍കാന്‍ തയാറാകാത്തതാണ് ഫറോക്ക് സ്വദേശിയായ അബ്ദുള്‍ റഹീമിന്റ മോചനത്തിന് വിലങ്ങുതടിയാകുന്നത്. 

16 വർഷം മുമ്പ് റിയാദിൽ ഡ്രൈവര്‍ ജോലിക്ക് പോയതായിരുന്നു അബ്ദുൾ റഹീം. ഡ്രൈവർ ജോലിക്കൊപ്പം അപകടത്തെത്തുടര്‍ന്ന് യന്ത്രങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന 15 വയസുകാരനെ കൂടി പരിപാലിക്കേണ്ടി വരുമെന്ന് അറിഞ്ഞത് അവിടെ ചെന്ന ശേഷമാണ്.വീട്ടിലെ പ്രാരാബ്ദങ്ങള്‍ ഓര്‍ത്ത് റഹീം അതും ചെയ്യാന്‍ തയാറായി.പതിനഞ്ചുകാരനെയും കൂട്ടി ഒരുദിവസം  കാറില്‍ പുറത്തുപോകേണ്ടിവന്നു റഹീമിന്.റോഡില്‍ ചുവന്ന സിഗ്നല്‍ ലംഘിച്ച് യാത്ര ചെയ്യാന്‍ കുട്ടി നിര്‍ബന്ധിച്ചെങ്കിലും റഹീം വിസമ്മതിച്ചു.കുട്ടി തുപ്പുകയും അടിക്കുകയും ചെയ്തതോടെ തടയാന്‍ ശ്രമിച്ച റഹീമിന്റ കൈ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന യന്ത്രത്തിൽ തട്ടുകയും യന്ത്രം തകരാറിലായി കുട്ടി മരിക്കുകയുമായിരുന്നു.അന്നുമുതല്‍ നീണ്ട 16 വർഷമായി റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുകയാണ് റഹീം.മകന്റ വധശിക്ഷ ഒഴിവാക്കാനായി  മുട്ടാവുന്ന വാതിലില്ലെല്ലാം മാതാവ് മുട്ടി.

കുട്ടിയുടെ കുടുംബം മാപ്പ് നൽകാന്‍ തയാറല്ല.  സൗദി രാജ കുടുംബം ഇടപെട്ടാല്‍ ഒരു പക്ഷേ കുടുംബം വിട്ടുവീഴ്ചയ്ക്ക് തയാറായേക്കും. പക്ഷെ അതിന് ഇന്നതരുടെ ഇടപെടലുണ്ടാകണം.