സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി അംഗങ്ങളുടെ പാര്‍ട്ടി ചുമതലകള്‍ തീരുമാനിക്കുന്നതിനുള്ള നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇടതുമുന്നണിക്ക് പുതിയ കണ്‍വീനറെയും നിശ്ചയിച്ചേക്കും. ഇ.പി ജയരാജന്‍, എ.കെ. ബാലന്‍ എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്  കൊടിയിറങ്ങിയതോടെ  പുതിയ സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി അംഗങ്ങളുടെ ചുമതല നിശ്ചയിക്കുള്ള നിര്‍ണായക നേതൃയോഗങ്ങള്‍ക്കാണ് തുടക്കമാവുന്നത്.  ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറുമെന്നാണ് സൂചന. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍  സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ പാര്‍ട്ടി മുഖപത്രത്തിന്‍റെ എഡിറ്ററായേക്കും. തോമസ് ഐസക്ക്,എം സ്വരാജ് എന്നിവരുടെ പേരും സജീവ പരിഗണയിലുണ്ട്. പുത്തലത്ത് ദിനേശനെ മാറ്റിയല്‍ കൊച്ചി സമ്മേളനത്തില്‍ സംസ്ഥാന സമിതിയിലേക്ക് തിരികെ എത്തിയ പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാവും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ഇ.എം.എസ് അക്കാദമിയുടെയും ചുമതല എസ് ആര്‍ പിക്ക് നല്‍കാനാണ് സാധ്യത.  

പൊളിറ്റ് ബ്യൂറോയിലേക്കെത്തി ഡല്‍ഹയിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന എ വിജയരാഘവന് പകരം പുതിയ ഇടതുമുന്നണി കണ്‍വീനറെ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.  ഇ.പി.ജയരാജന്‍ മുന്നണി കണ്‍വീനര്‍ പദവിലേക്ക് എത്താനാണ് സാധ്യത കൂടുതല്‍. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പുറമേ മുന്നണി കണ്‍വീനര്‍ കൂടി കണ്ണൂരില്‍ നിന്ന് വേണ്ടെന്ന് തീരുമാനിച്ചാല്‍ എ.കെ.ബാലന്‍ പരിഗണിക്കപ്പെട്ടേക്കാം.