പാലക്കാടിന് ചിറകുവയ്ക്കാന്‍ വഴിയൊരുങ്ങുന്നു. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. പാലക്കാട് വിമാനത്താവളം അനുവദിക്കണമെന്ന് വി.കെ ശ്രീകണ്ഠന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. പദ്ധതിക്കായി നിക്ഷേപകരുടെ യോഗം വിളിക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍ മനോരമന്യൂസിനോട് പറഞ്ഞു.
പാലക്കാട്,തൃശൂര്‍,മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് വിമാനത്താവളം പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തല്‍. കൊച്ചി – കോയമ്പത്തൂര്‍ വാണിജ്യ ഇടനാഴിയുടെയും കഞ്ചിക്കോട് വ്യവസായ മേഖലയുടെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. ദക്ഷിണ റെയില്‍വേയുടെ ഡിവിഷനല്‍ ആസ്ഥാനം, െഎെഎടി എന്നിവയും അനുകൂലഘടകങ്ങളാണ്.
സംസ്ഥാന സര്‍ക്കാര്‍ നേരിട്ടോ, കമ്പനി രൂപീകരിച്ചോ അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്നാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിട്ടുള്ളത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ആലോചന.