വെച്ചൂർ പശുക്കളുടെ സ്വന്തം വെച്ചൂർ അമ്മ; പത്മശ്രീയിൽ തിളങ്ങി ശോശാമ്മ ഐപ്പ്

vechoor
SHARE

വെച്ചൂര്‍ പശുവിന്റെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ ഡോക്ടര്‍ ശോശാമ്മ ഐപ്പിന് പത്മശ്രീ പ്രഖ്യാപിച്ച ശേഷം അഭിനന്ദന പ്രവാഹം. തൃശൂര്‍ മണ്ണുത്തിയിലെ വീട്ടില്‍ എത്തി മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ നേരിട്ട് അഭിനന്ദനം അറിയിച്ചു

ഇന്നലെ വൈകിട്ട് പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മുതൽ നിർത്താതെ മൊബൈൽ ശബ്ദിക്കുകയാണ്. അഭിനന്ദന പ്രവാഹമാണ് ശോശാമ്മ ടീച്ചറെ തേടി എത്തുന്നത്.  മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ ഹരിത വി കുമാർ എന്നിവർ വീട്ടില്‍ എത്തി പൊന്നാട അണിയിച്ചു.  വെച്ചൂർ പശുവിൻ്റെ സംരക്ഷണത്തിനു ചുക്കാൻ പിടിച്ച ശോശാമ്മ അറിയപ്പെട്ടത് വെച്ചൂർ അമ്മ എന്നാണ്. മൂന്ന് പതിറ്റാണ്ടോളം വെച്ചൂർ പശുക്കൾക്കായി ജീവിതം  മാറ്റിവച്ചു. വംശനാശത്തിന്‍റെ വക്കിൽ നിന്നാണ്  അവയെ തേടിപ്പിടിച്ച് സംരക്ഷിച്ചത്. മണ്ണുത്തി വെറ്ററിനറി കോളജ് പ്രഫസറും ഗവേഷകയും ആയിരുന്നു. വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ് രൂപീകരിച്ച് അവയെ സംരക്ഷിച്ചു. 1989ലാണ് ടീച്ചറുടെ നേതൃത്വത്തില്‍ ഒരു പറ്റം യുവ ഡോക്ടര്‍മാര്‍ ഈ ഉദ്യമത്തിനായി ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ ഏഴായിരത്തോളം വെച്ചൂർ പശുക്കൾ സംസ്ഥാനത്തുണ്ട്.

നാഷണല്‍ ഡെയറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പിഎച്ച്ഡി നേടിയ ടീച്ചര്‍ ജെനറ്റിക് ആന്‍ഡ് ആനിമല്‍ ബ്രീഡിങ് വകുപ്പ് മേധാവിയായിരുന്നു. വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചതുമുതലുള്ള വിവരങ്ങള്‍ പങ്കുവച്ച് എഴുതിയ പുസ്തകം, 'വെച്ചൂര്‍ പശുവിന്‍റെ പുനര്‍ജന്മം' ഈ മാസമാണ് പ്രകാശനം ചെയ്തത്

MORE IN KERALA
SHOW MORE