തിരുവനന്തപുരത്ത് കനത്തമഴ; 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തലസ്ഥാനജില്ലയില്‍ കനത്തമഴ. വെള്ളറട കുരിശുമലയുടെ അടിഭാഗത്തെ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്നു 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളം കയറി ആര്യനാട് ആയിരവല്ലി ക്ഷേത്രത്തിലെ ചുറ്റുമതില്‍ നശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളംകയറി.ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു

വൈകുന്നേരം അഞ്ചുമണിയോടെ തുടങ്ങിയ മഴ രാത്രി വൈകിയും തുടര്‍ന്നു. മലയോര പ്രദേശങ്ങളിലെ കനത്തമഴയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. പാറശാല റയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. കനത്ത മഴ വെള്ളറടയില്‍ ഉരുള്‍പൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലാണുണ്ടാക്കിയത്. അമ്പൂരിയില്‍ അണമുഖം ആറു കരകവിഞ്ഞു ഒഴുകുന്നു.സമീപത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറി. വെള്ളറട ആറാട്ടുകുഴി ക്വാറിയില്‍ ഉരുള്‍പൊട്ടലിനു സമാനമായ വെള്ളപ്പാച്ചിലുണ്ടായി. ക്വാറിയില്‍ ഉരുള്‍പൊട്ടലുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഉരുള്‍പൊട്ടല്‍ സ്ഥിരീകരിച്ചില്ലെങ്കിലും കനത്ത മഴവെള്ളപ്പാച്ചിലില്‍ സമീപത്തെ വീടുകളില്‍ വെള്ളംകയറി. ക്വാറിയെകുറിച്ചു നേരത്തെയും നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. പത്തു കുടുംബങ്ങളെ മാറ്റിപ്പാര്‍ച്ചിച്ചിട്ടുണ്ട്.ആയിരവല്ലി ക്ഷേത്രത്തിലെ ചുറ്റുമതില്‍ കനത്തമഴയില്‍ തകര്‍ന്നു. ക്ഷേത്രത്തിലെ പീഠം, വിളക്കുകള്‍ എന്നിവ ഒലിച്ചുപോയി. വനത്തിനുള്ളിലും ശക്തമായ മഴയുണ്ടായിരുന്നു. ഇതായിരുന്നു മഴവെള്ളപ്പാച്ചിലിനു പ്രധാനകാരണം.നെടുമങ്ങാട് വട്ടപ്പാറ റോഡില്‍ മണ്‍തിട്ട ഇടിഞ്ഞുവീണു അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വെമ്പായം വേറ്റിനാട് ഏഴു വീടുകളില്‍വെള്ളം കയറി.