തലശ്ശേരി- മൈസൂരു റെയിൽ പാത; ഹെലിബോൺ സർവേ തുടങ്ങി

തലശേരി–മൈസൂരു റെയില്‍പാതയുടെ റൂട്ട് മാപ്പിങ്ങിനായുള്ള ഹെലിബോണ്‍ സര്‍വേ വയനാട് ബത്തേരിയില്‍ ആരംഭിച്ചു. 700 കിലോ ഭാരമുള്ള ഇലക്ട്രോ മാഗ്നറ്റിക് ഉപകരണത്തിന്റെ സഹായത്തോടെയാണ് സര്‍വേ. വയനാടിന് ശേഷം തലശേരിയും മൈസൂരുവും കേന്ദ്രീകരിച്ച് സര്‍വേ നടക്കും.

കൊങ്കണ്‍ റെയില്‍വേയ്ക്ക് വേണ്ടി ഹൈദരാബാദിലെ നാഷണല്‍ ജ്യോഗ്രഫിക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സര്‍വേ നടത്തുന്നത്. ഡെന്‍മാര്‍ക്കില്‍നിന്നുള്ള രണ്ട് വിദഗ്ധ എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.

ഭൂമിക്കടിയില്‍ 500 മീറ്റര്‍ വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണത്തിന് സാധിക്കും. നിര്‍ദിഷ്ട റെയില്‍പാതയില്‍ ടണലുകള്‍ ആവശ്യമെങ്കില്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ചതുപ്പുനിലങ്ങള്‍, മണ്ണിന്റെ ഘടന, പാറക്കെട്ടുകള്‍, ജലസ്രോതസുകള്‍ എന്നിവയും രേഖപ്പെടുത്തും. ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണം ത്രിമാന ദൃശ്യങ്ങള്‍ പകര്‍ത്തും. രണ്ട് ദിവസംകൂടി ബത്തേരി കേന്ദ്രീകരിച്ചുള്ള സര്‍വേ തുടരും. പതിനെട്ട് കോടി രൂപയോളം സര്‍വേയ്ക്ക് ചെലവുണ്ടെന്നാണ് വിവരം. വയനാടിന്റെ ദീര്‍ഘകാല ആവശ്യമായ നഞ്ചന്‍കോട്–നിലമ്പൂര്‍ റെയില്‍പാത അനിശ്ചിതത്വത്തില്‍ തുടരുമ്പോഴാണ് പുതിയ പാതയ്ക്കുള്ള സര്‍വേ.