'അമ്മയുടെ വേദനയെക്കാള്‍ വില ജയചന്ദ്രന്‍റെ മാനത്തിന്'; ഇപ്പോഴും ന്യായീകരണം

അനുപമയുടെ അച്ഛനും പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.എസ്.ജയചന്ദ്രനൊപ്പമായിരുന്നു ആദ്യം സിപിഎം. പി.ബി.അംഗം ബൃന്ദ കാരാട്ട് മുതല്‍ താഴേക്കുള്ള സിപിഎം വനിതാ നേതാക്കള്‍ക്ക് മുന്നില്‍ അനുപമ പറഞ്ഞ പരാതികള്‍ വനരോദനങ്ങളായി. കുഞ്ഞിനായുള്ള അനുപമയുടെ പോരാട്ടം വാര്‍ത്തയായതോടെയാണ് അമ്മയ്ക്കും കുഞ്ഞിനുമൊപ്പമെന്ന് സിപിഎമ്മും സര്‍ക്കാരും മലക്കംമറിഞ്ഞത്.

പ്രമുഖ സിപിഎം നേതാവായിരുന്ന പേരൂര്‍ക്കട സദാശിവന്‍റെ മകന്‍ പി.എസ്.ജയചന്ദ്രന്‍റെ മാനത്തിനാണ് കുഞ്ഞിനെ വേര്‍പിരിഞ്ഞ അമ്മയുടെ വേദനയെക്കാള്‍ നേതാക്കള്‍ വിലകണ്ടത്. സാധ്യമായ മാര്‍ഗങ്ങളെല്ലാം തേടിയ ശേഷമാണ് അനുപമയും അജിത്തും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പൊലീസില്‍ പരാതിപ്പെട്ടപ്പോഴും പാര്‍ട്ടിയോട് പരാതിപ്പെട്ടപ്പോഴും അനുപമയ്ക്ക് നീതി കിട്ടിയില്ല. ജയചന്ദ്രനെതിരെ നടപടിയെടുക്കാത്ത സിപിഎം അജിത്തിനെതിരെ നടപടിയെടുത്തു. 

ബൃന്ദ കാരാട്ട് നിര്‍ദേശിച്ചതനുസരിച്ചാണ് പി.കെ.ശ്രീമതി പ്രശ്നത്തിലിടപെട്ടത്. പൊലീസ് സഹായിക്കാതെ വന്നപ്പോഴായിരുന്നു വനിതാ നേതാക്കളെ അനുപമ സമീപിച്ചത്. മുഖ്യമന്ത്രിയോടും കോടിയേരി ബാലകൃഷ്ണനോടും താന്‍ സംസാരിച്ചെങ്കിലും പരാജയപ്പെട്ടുപോയെന്ന് പിന്നീട് പി.കെ.ശ്രീമതി കുമ്പസാരിച്ചു. അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പി.കെ.ശ്രീമതിയോട് പറഞ്ഞത്.

പിന്നീട് അനുപമയുടെ പ്രശ്നം സംസ്ഥാനം ചര്‍ച്ചചെയ്യുന്ന ദത്ത് വിവാദമായി വളര്‍ന്നപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും അമ്മയ്ക്കും കുഞ്ഞിനുമൊപ്പമാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ സിഡബ്ല്യുസിക്കോ ശിശുക്ഷേമസമിതിക്കോ എതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ജയചന്ദ്രനെതിരെ പാര്‍ട്ടിയും നടപടിയെടുത്തില്ല. ജയചന്ദ്രനെതിരെ അന്വേഷണം നടത്തുന്ന പാര്‍ട്ടി കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ടുപോലും നല്‍കിയിട്ടില്ല. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം ഇപ്പോഴും ന്യായീകരിക്കുന്നത്.