കീം അപേക്ഷാഫോമിൽ പിഴവ്; പഠനം വഴിമുട്ടി വിദ്യാർത്ഥിനി

കീം പരീക്ഷക്ക് അപേക്ഷിച്ചതിലുണ്ടായ പിഴവുമൂലം പഠനം വഴിമുട്ടി കോഴിക്കോട് വെള്ളയില്‍ സ്വദേശിനി അഭിനയ. സംവരണ വിഭാഗങ്ങളില്‍ അപേക്ഷിക്കേണ്ടതിനു പകരം ജനറല്‍ കാറ്റഗറിയിലാണ് അപേക്ഷ നല്‍കിയത്. അപേക്ഷ തയാറാക്കിയപ്പോള്‍ അക്ഷയ സെന്ററുകാര്‍ക്ക്   പറ്റിയ പിഴവാണിതെന്ന് അഭിനയയുടെ കുടുംബം ആരോപിക്കുന്നു.

കീം പരീക്ഷയുടെ ഫലം  പരിശോധിച്ചപ്പോള്‍ ഇരുപതിനായിരത്തിനു മുകളിലാണ് റാങ്ക്. എന്നാല്‍ സംവരണ വിഭാഗമായതിനാല്‍ റാങ്ക്  ഇതിലും മുകളില്‍ വരേണ്ടതാണ്. ഇത് പരിശോധിച്ചപ്പോഴാണ് അപേക്ഷ നല്‍കിയതില്‍ പിഴവു പറ്റിയത് മനസിലായത്കണ്ണൂര്‍ എഞ്ചിനീയറിങ് കോളജില്‍ പ്രവേശനം ലഭിച്ചു.  പക്ഷെ എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ ഒാഫിസില്‍ പതിനായിരം രൂപയും കോളജില്‍ 35,000 രൂപയും അടക്കണം. മല്‍സ്യത്തൊഴിലാളിയാണ് പിതാവ്. നിലവിലെ സാഹചര്യത്തില്‍ ഇത്രയും തുക അടയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലഅപേക്ഷ തയാറാക്കുന്ന സമയത്തു തന്നെ വിവരങ്ങള്‍ കൃത്യമാണോന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടാതാണെന്ന് അക്ഷയ സെന്റെറുകാര്‍ പറഞ്ഞു.  രണ്ടു ദിവസം മുന്‍പാണ് പരാതിയുമായി രക്ഷിതാക്കള്‍ എത്തിയത്.പരീക്ഷാ കമ്മിഷണറുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.