വെള്ളക്കെട്ട് നിയന്ത്രിക്കുന്ന ‘ഡച്ച് മോഡൽ’ പ്രതിരോധം; ലോകം വാഴ്ത്തുന്ന മിടുക്ക്

rain-dutch-model
SHARE

കേരളത്തിൽ മഴ നാശം വിതയ്ക്കുമ്പോഴെല്ലാം ഉയരുന്ന ആവശ്യമാണ് ഡച്ച് മോഡൽ പ്രതിരോധം ഇവിടെയും നടപ്പാക്കണം എന്നത്. ഇതിനായി പല പദ്ധതികളും ആശയങ്ങളും ഇതിനോടകം ചർച്ചയിൽ വന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ ഏറെയുള്ള കൊച്ചിയുടെ ഭൂപ്രകൃതി നെതർലൻഡ്‌സിന്റെ ഭൂപ്രകൃതിയോടു ചേർന്നു കിടക്കുന്നതാണ്. ഈ സാഹചര്യം മുൻനിർത്തിയാണു കൊച്ചിയുടെ വെള്ളക്കെട്ട് പരിഹരിക്കാനും ഡച്ച് സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കോർപറേഷൻ‌ മുൻപ് നടത്തിയിരുന്നു.

ഡച്ച് മോഡൽ

വെള്ളക്കെട്ട് നിയന്ത്രണത്തിന്റെ കാര്യത്തിൽ നിസ്സാരക്കാരല്ല നെതർലൻ‍ഡുകാർ. കടലിനോടു പോരാടി പിറന്ന രാജ്യമാണു നെതർലൻഡ്സെന്നാണ് ചരിത്രം. 1953ലെ വെള്ളപ്പൊക്കത്തിൽ നെതർലൻഡ്സ് തകർന്നു തരിപ്പണമായി. വെള്ളപ്പൊക്കത്തെ നേരിടാനുള്ള പ്രത്യേക കർമ പദ്ധതിക്കു രൂപം നൽകിയാണു നെതർലൻഡ്സ് പ്രതികരിച്ചത്. 40 വർഷത്തിനിടയിൽ ഒൻപതോളം അണക്കെട്ടുകൾ നിർമിച്ചു വെള്ളം തടഞ്ഞു നിർത്തി. എന്നാൽ, 90ൽ വീണ്ടും വലിയ വെള്ളപ്പൊക്കമുണ്ടായി. ഇതോടെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി പുതിയ എൻജിനീയറിങ് രീതികൾ പരീക്ഷിക്കാൻ നെതർലൻഡ്സ് തയാറായി.

1992ൽ ദേശീയ വെള്ളപ്പൊക്ക നയത്തിനു രാജ്യം രൂപം നൽകി. വെള്ളത്തെ അകറ്റി നിർത്തുകയെന്നതല്ല, ഉൾക്കൊള്ളുകയെന്നതായിരുന്നു നയത്തിന്റെ കാതൽ. വെള്ളത്തെ ഉൾക്കൊള്ളാൻ കൂടുതൽ സ്ഥലം സജ്ജമാക്കാനുള്ള ഒട്ടേറെ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കി. കനാലുകൾ വീതിയും ആഴവും കൂട്ടി. വെള്ളം ഒഴുകിയെത്താനുള്ള തടസ്സങ്ങൾ നീക്കം ചെയ്തു. കൂടുതലായി എത്തുന്ന വെള്ളത്തെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ താഴ്ന്ന പ്രദേശങ്ങളെ സജ്ജമാക്കി. ചെലവേറിയതായിരുന്നു പദ്ധതികൾ. ഒട്ടേറെ പേരെ മാറ്റിപാർപ്പിക്കേണ്ടതായും വന്നു.

ഇന്നു ലോകത്തെ പല നഗരങ്ങളും വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ആശ്രയിക്കുന്നത് നെതർലൻഡ്സ് സാങ്കേതികവിദ്യയാണ്. നെതർലൻഡ്സിൽ ഇതൊരു വലിയ വ്യവസായമായിപോലും വളർന്നു കഴിഞ്ഞു. യുഎസ്, ചൈന ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ വെള്ളപ്പൊക്ക നിയന്ത്രണത്തിനു ഡച്ച് സാങ്കേതിക സഹായം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘റൂം ഫോർ പമ്പ’ പദ്ധതി നെതർലൻഡ്‌സിൽ നടപ്പാക്കിയ ‘റൂം ഫോർ ദി റിവർ’ പദ്ധതിയുടെ പകർപ്പാണ്.

MORE IN KERALA
SHOW MORE
Loading...
Loading...