വോളി അസോസിയേഷനെതിരെ പരാതിപ്രളയം; അന്വേഷിക്കാൻ സ്പോട്സ് കൗൺസിൽ

സസ്പെന്‍ഷനു പിന്നാലെ കേരളാവോളിബോള്‍ അസോസിയേഷനെതിരെ വിശദമായ അന്വേഷണത്തിന് തയാറെടുത്ത് സംസ്ഥാന സ്പോട്സ് കൗണ്‍സില്‍. അസോസിയെഷനെതിരെ അഴിമതി അരോപണം ഉള്‍പ്പെടെ നിരവധിപരാതികള്‍ രേഖാമൂലം കൗണ്‍സിലിന് ലഭിച്ചതാണ് കാരണം. രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ക്ലബുകളില്‍ നിന്ന് അസോസിയേഷന്‍ വന്‍തുക ഫീസ് ഈടാക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.

പരാതികളില്‍ കഴമ്പുണ്ടെന്നുബോധ്യപ്പെട്ടതോടെയാണ് അന്വേഷണം നടത്താന്‍ സ്പോട്സ് കൗണ്‍സില്‍ തീരുമാനിച്ചത്. പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ താല്‍ക്കാലിക ഭരണസമിതിയെ നിയോഗിച്ചതും മറ്റുജില്ലകളില്‍ തിരഞ്ഞെടുപ്പു നടത്തുന്നതുമൊക്കെ ക്രമക്കേടിന്റെയും വ്യക്തിതാല്‍പര്യത്തിന്റെയും അടിസ്ഥാനത്തിലാണെന്നാണ് കൗണ്‍സില്‍ വിലയിരുത്തല്‍. അഴിമതി ആരോപണവും ക്രമക്കേടും ഉള്‍പ്പെടെ നിരവധിപരാതികളാണ് വോളി അസോസിയേഷനെതിരെ ലഭിച്ചിരിക്കുന്നത്. അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പലയിടത്തും ജില്ലാ സ്പോട്സ് കൗണ്‍സിലിനെ അറിയിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ക്രമക്കേട് ഉള്‍പ്പെടയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് 2018ല്‍ വോളി അസോസിയെഷനെ സ്പോട്സ് കൗണ്‍സില്‍ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ ചില ഇടപെടലുകളിലൂടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ വോളി അസോസിയേഷനായി. എന്നാല്‍ ദേശീയ ഫെഡറേഷന് അംഗീകാരമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ദിവസം വോളി അസോസിയേഷനെ വീണ്ടും സ്പോട്സ് കൗണ്‍സില്‍ സസ്പെന്റുചെയ്തു.