അർബുദ രോഗികൾക്ക് ആശ്വാസം; മുടി മുറിച്ച് നൽകി 60 വിദ്യാർഥിനികൾ; മാതൃക

സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി തലമുടി ദാനം ചെയ്യാന്‍ വിദ്യാര്‍ഥികളും അധ്യാപകരും കൂട്ടത്തോടെ സ്കൂളിലെത്തി. മലപ്പുറം വണ്ടൂർ ഗവ. ഗേൾസ് ഹൈസ്ക്കൂളിലെ അറുപത് വിദ്യാർഥിനികളാണ് മഹാമാരിക്കാലത്ത് കേശദാനത്തിന്‍റെ ഭാഗമായത്.

പലരും പൊന്നുപോലെ പരിപാലിക്കുന്ന തലമുടിയാണ് മുറിച്ചു നല്‍കിയത്. കോവിഡ് കാലത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി നല്‍കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് അധ്യാപകരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനികളും അമ്മമാരും എത്തിയത്. 30 സെന്‍റിമീറ്റര്‍ തലമുടി വീതമാണ് മുറിച്ചെടുത്തത്. 

സ്കൂളില്‍ സമൂഹ്യപ്രതിബന്ധതയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു കേശദാനം. നാലാംക്ലാസ് മുതല്‍ പ്ലസ്ടു വരേയുളള വിദ്യാര്‍ഥികളും അധ്യാപകരും അമ്മമാരും ഭാഗമായി. മുറിച്ചെടുത്ത തലമുറി തൃശൂരിലെ ഹെയർ ബാങ്കിന് കൈമാറും.