കേരളത്തിലേക്കു പറന്നിറങ്ങി മയിൽക്കൂട്ടം; 2 കാരണങ്ങൾ; വരുന്നത് കൊടും വരൾച്ച?

File photo

തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്നത് കൊടും വരൾ‍ച്ചയെന്ന സൂചന നൽകി മയി‍ൽക്കൂട്ടം ഗ്രാമങ്ങളിലും നഗരങ്ങളിലും പറന്നിറങ്ങുന്നു. വനനശീകരണവും കാലാവസ്ഥാ വ്യതിയാ‍നവുമാണ് മയിലുകൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ കാരണമെന്നു ശാസ്ത്രജ്ഞർ. കൂട്ടത്തോടെ എത്തുന്ന മയിലുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ത‍ൃശൂർ അയ്യന്തോൾ പുഴയ്ക്കൽ റോഡിൽ പഞ്ചി‍ക്കലിൽ റോഡിനു കുറുകെ താഴ്ന്നു പറന്ന മയി‍ലിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു നവവരൻ മരിച്ച സംഭവം നടന്നത് ഒരാഴ്ച മുൻപ്.

കൂടുതൽ ഉത്തരകേരളത്തിൽ

കേരളത്തിൽ മുൻപ് അപൂർവമായിരുന്ന മയിലുകളുടെ സാന്നിധ്യം ഗ്രാമ–നഗര പ്രദേശങ്ങളിൽ ഇപ്പോൾ കൂടുതലാണ്. ഉത്തര കേരളത്തിലാണ് വർധന‍യെന്നു വനം വകുപ്പ് പറയുന്നു. 2 വർഷം മുൻപ് സംസ്ഥാനത്തെ മയിലുകളുടെ സാന്നിധ്യം 19 % മാത്രമായിരുന്നു.  2050 ൽ ഇത് 50 ശതമാനമായി ഉയരുമെന്നു കേരള കാർഷിക സർവകലാ‍ശാലയുടെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമിയുടെ പഠനം മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യശൃംഖലയിലുണ്ടായ വ്യതിയാനമാണ് കാട്ടുപന്നിയുടെയും മയിലുകളുടെയും എണ്ണം വർധിക്കാൻ ഇടയാക്കിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 

കാട്ടുപക്ഷിയല്ല മയിൽ

മയിൽ കാട്ടുപക്ഷി‍യുമല്ലെന്നും കാടുക‍ളിൽ അല്ല മയിലിന്റെ ആവാസ കേന്ദ്ര‍മെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. തുറ‍സ്സായ വരണ്ട പ്രദേശമാണ് ഇവയുടെ വാസകേന്ദ്രം. കേരളത്തിൽ പാലക്കാട്, തൃശൂർ ജില്ല‍കളിലാണ് സാന്നിധ്യം കൂടുതൽ. വയനാട്, കാസർകോ‍ട്, ഇടുക്കിയിലെ ചിന്നാർ മേഖല, കൊല്ലം തെന്മല, കന്യാകുമാരി ജില്ലയോടു ചേർന്നുള്ള തിരുവനന്തപുരത്തെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും മയിൽ സാന്നിധ്യം വളരെ കൂടുതലാണ്.  തമിഴ്നാട്, കർണാടക, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കൂടുതലായി കാണപ്പെടുന്നു. 

980 മുതലാണ് കേരളത്തിൽ മയിലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതെന്നു ഇതെക്കുറിച്ച് പഠനം നടത്തിയ കാർഷിക സർവകലാശാലയുടെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമി ഡീൻ ഡോ.പി.ഒ.ന‍മീർ പറയുന്നു. ‘മയിലുകൾ കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന‍തിനെ, അവ കാടിറങ്ങുക‍‍യാണെന്നു വ്യാഖ്യാനിക്കാൻ കഴിയില്ല.’– നമീർ ചൂണ്ടിക്കാട്ടുന്നു. ന‍മീർ, വി. സാഞ്ജോ ജോസ് എന്നിവരാണ് പഠനം നടത്തിയത്.

കൊന്നാൽ 7 വർഷം അകത്ത് 

വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയി‍ൽപ്പെട്ട ദേശീയ പക്ഷി കൂടിയായ മയിലിനെ കൊന്നാൽ 7 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മയിൽ മുട്ട നശിപ്പിച്ചാലും കേസെടുക്കും. പാലക്കാട് ജില്ലയിലെ ചൂലന്നൂർ മയിൽ സങ്കേതം സംസ്ഥാനത്ത് മയിലുകൾക്കു മാത്രമായുള്ള വന്യജീവി സങ്കേ‍തമാണ്.