കൈതപ്പുഴ ഓളപ്പരപ്പില്‍ വലയെറിയുന്ന ഡോക്ടർ; മീൻപിടുത്തം ജീവിതവും ഗവേഷണവും

കൈതപ്പുഴ കായലിലെ ഓളപ്പരപ്പില്‍ വലയെറിയുമ്പോഴും  ജ്യോതിഷിന് ഡോക്ടറേറ്റെന്ന  സ്വപ്നമുണ്ടായിരുന്നു. എംജി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അരൂര്‍ കാവലുങ്കല്‍  ജ്യോതിഷിന് മല്‍സ്യബന്ധനം ഉപജീവനമാര്‍ഗം കൂടിയാണ്. ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ടതായിരുന്നു ഗവേഷണ വിഷയം കൈതപ്പുഴകായലില്‍  മല്‍സ്യം പിടിക്കുന്ന ഈ യുവാവിന്‍റെ പേര് ഡോ.ജ്യോതിഷ് എന്നാണ്. എംജി സര്‍വകലാശാലയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സാമ്പത്തികശാസ്ത്രത്തില്‍  പിഎച്ച്ഡി  ലഭിച്ചത്.  മറ്റുജോലിയൊന്നും  ലഭിക്കാത്തതിനാല്‍  മല്‍സ്യബന്ധനം സ്ഥിരം തൊഴിലാക്കുകയായിരുന്നു. 

ചെറുപ്പത്തില്‍ അച്ഛന്‍ തങ്കപ്പനൊപ്പം കായലില്‍ പോയിരുന്ന ജ്യോതിഷ് ഇപ്പോള്‍ ചേട്ടന്‍ ജോഷിക്കൊപ്പമാണ് തൊഴിലെടുക്കുന്നത്. ഗവേഷണത്തിനിടയിലും രാവിലെയും വൈകിട്ടും പിടിക്കുന്ന മല്‍സ്യം അരൂര്‍മുക്കത്തെ ലേലഹാളിലെത്തിക്കുന്നതില്‍ വീഴ്ചവരുത്തിയിരുന്നില്ല.

.പരമ്പരാഗതമല്‍സ്യത്തൊഴിലാളികളുടെ ഉപജീവനകഘടകങ്ങള്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം . ജ്യോതിഷ് അനുഭവിച്ച ജീവിതയാഥാര്‍ഥ്യങ്ങളോടു ബന്ധപ്പെട്ട വിഷയം തന്നെ. കേരള സര്‍വകലാശാലയില്‍ല്‍ നിന്ന് ബിരുദവും പിജിയും നേടിയശേഷമാണ് ഗവേഷണം തുടങ്ങിയത്. പ്രഫ.ആര്‍.വി.ജോസിന്‍റെ മേല്‍നോട്ടത്തില്‍ ഒന്‍പതുവര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.