മത്തായി കൊല്ലപ്പെട്ടിട്ട് വർഷം ഒന്ന്; കുടുംബത്തെ തിരിഞ്ഞുനോക്കാതെ സർക്കാർ

പത്തനംതിട്ടയില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ഗൃഹനാഥന്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം. സിബിഐ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പി.പി.മത്തായിയുടെ കുടുംബം. വര്‍ഷം ഒന്നായിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്നു ആരും വീട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് മത്തായിയുടെ വിധവയ്ക്ക് പരാതിയുണ്ട്.

ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് പി.പി.മത്തായിയെ വനപാലകര്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടു പോയത്. കുടപ്പനക്കുളത്തിനു സമീപം വനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ നശിപ്പിച്ചെന്നതായിരുന്നു കാരണം. മൂന്നു മണിക്ക് കസ്റ്റഡിയിലെടുത്ത മത്തായിയെ വൈകുന്നേരം ആറിന് കുടുംബ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ ചാടിയതാണെന്ന് വനപാലകരും അല്ല കൊന്നതാണെന്ന് ബന്ധുക്കളും. പതിനൊന്ന് മാസമായി കേസ് സിബിഐയാണ് അന്വേഷിക്കുന്നത്.

സിബിഐ അന്വേഷണം അവസാനഘട്ടത്തിലാണ്. കുറ്റപത്രം അധികം വൈകാതെ സമര്‍പ്പിക്കും. കേസില്‍ ആരോപണ വിധേയരായ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് നേരത്തെ അച്ചടക്ക നടപടി എടുത്തിരുന്നു.