മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റായി സുഹറാബി കാവുങ്ങലിനെ തിരഞ്ഞെടുത്തു

യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കിടെ മലപ്പുറം മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ലീഗിലെ സുഹറാബി കാവുങ്ങലിനെ തിരഞ്ഞെടുത്തു. മറ്റാരും പത്രിക സമര്‍പ്പിക്കാത്തതുകൊണ്ട് ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.

സുഹറാബി കാവുങ്ങലിനു പകരം അനീസ് മഠത്തിലിനെ പ്രസിഡന്‍റായി പരിഗണിക്കണം  എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് രംഗത്തെത്തിയത്. അനീസ് മഠത്തിലിന്‍റെ കൂടി പിന്തുണയോടെയാണ് സുഹ്റാബി തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുളള 13 അംഗങ്ങളില്‍ പ്രസിഡന്‍റായിരുന്ന സി. കോയ കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 12 പേരില്‍ 9 മുസ്്ലീംലീഗ് അംഗങ്ങളും 2 വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും ഒരു സി.പി.എം അംഗവുമാണുളളത്.

തര്‍ക്കങ്ങള്‍ക്കില്ലെന്നും അഭിപ്രായ വ്യാത്യാസമില്ലെന്നുമായിരുന്നു അനീസ് മഠത്തിലിന്‍റെ പ്രതികരണം. അനീസ് മഠത്തിലിനെ പ്രസിഡന്റായി പരിഗണക്കണം എന്നാവശ്യപ്പെട്ടായിരുന്നു മുസ്്ലീംലീഗിന്‍റെ പ്രാദേശിക നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഒാഫീസിനുളളില്‍ പൂട്ടിയിട്ടത്.