രാജവെമ്പാല കടിച്ച് മരണം അത്യപൂർവം; കേരളത്തിൽ ആദ്യം; അതും മൃഗശാലയിൽ

രാജവെമ്പാല കടിച്ച് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന മരണമാണ് തിരുവനന്തപുരം മൃഗശാലയിലേത്. രാജ്യത്ത് വിരലിലെണ്ണാവുന്ന മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. രാജവെമ്പാലയുടെ ആവാസ വ്യവസ്ഥ പൊതുവേ ഉൾവനത്തിലാണെന്നതാണ് കാരണം. തീറ്റ കൊടുക്കുന്നതിനിടെയാണ് മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദ് (45) രാജവെമ്പാലയുടെ കടിയേറ്റു മരിച്ചത്.

∙രാജവെമ്പാല കടിച്ച് കേരളത്തിൽ ഇതുവരെ ആരെങ്കിലും മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളിലും ഇല്ല. ഒരു സാധു ജീവിയെ പോലെയാണ് രാജവെമ്പാലയെന്നും മനുഷ്യസാന്നിധ്യം കണ്ടാൽ അത് സ്ഥലം വിടുമെന്നുമാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഈറ്റവെട്ടാൻ പോയ ആദിവാസി കുടുംബത്തിലെ ഗൃഹനാഥനെ രാജവെമ്പാല കടിച്ച് മരിച്ച കഥ തട്ടേക്കാട്ട് വന്യജീവി സങ്കേതത്തിലെ വനപാലകർ പറഞ്ഞുകേട്ടിട്ടുണ്ട്.

∙ഈറ്റ വെട്ടുന്നതിനിടെ പെട്ടെന്ന് മുന്നിൽപെട്ട രാജവെമ്പാല പത്തിവിടർത്തിയപ്പോൾ, ഒരു ഈറ്റകഷ്ണം എടുത്ത് അതിനെ കുത്തിയ ആദിവാസിയെയാണ് അന്ന് പാമ്പു കടിച്ചത്. അയാൾ ‘അയ്യോ’ എന്നു നിലവിളിച്ച് ഏതാനും ചുവടുകൾ ഓടുകയും അവിടെ വീണു മരിക്കുകയും ചെയ്തു. ഇതിനു ദൃക്സാക്ഷിയായിരുന്ന ഇദ്ദേഹത്തിന്റെ മകന് ഇതോടെ സംസാരശേഷി നഷ്ടപ്പെട്ടു. ഇയാളും ഏതാനും വർഷം മുമ്പ് മരിച്ചു.

∙ഏതാനും വർഷം മുമ്പ്, തൃശൂർ ചിമ്മിണി വനാതിർത്തിയിൽ തളച്ചിരുന്ന ചൂലൂർ രവി എന്ന ആന ഭ്രാന്തിളകിയ മട്ടിൽ ചിന്നം വിളിച്ചു ബഹളം വയ്ക്കുകയും ഏതാനും മണിക്കൂറുകൾക്കു ശേഷം ചെരിയുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ ഈ ആനയുടെ ശരീരത്തിൽ രാജവെമ്പാലയുടെ വിഷം കണ്ടെത്തിയിരുന്നു.

∙100 തവണ വിരൽ ഞൊടിക്കുന്നതിനകം ചികിത്സ നൽകാൻ കഴിഞ്ഞാൽ രാജവെമ്പാല കടിച്ചയാളെയും രക്ഷിക്കാൻ കഴിയുമെന്ന് പ്രശസ്ത ആയുർവേദ ചികിത്സകനായ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിഷത്തിന്റെ വീര്യത്തിൽ മുന്നിലല്ലെങ്കിലും ഒരു കടിയിലൂടെ കൂടുതൽ അളവ് വിഷം ശരീരത്തിലെത്തിക്കാൻ രാജവെമ്പാലയ്ക്കു കഴിയും. രാജവെമ്പാലയുടെ ഒരു കടിയിൽ 20 പേരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. കടിയേറ്റാൽ 15 മിനിട്ടിനുള്ളിൽ മരണം സംഭവിക്കാം. രാജവെമ്പാലയ്ക്കു ശരാശരി 10–18 അടി നീളമുണ്ടാകും. ആയുർദൈർഘ്യം 20 വർഷം. രാജവെമ്പാലയുടെ പ്രധാന ഭക്ഷണം മറ്റു പാമ്പുകളാണ്.

ഇന്ത്യയിൽ രാജവെമ്പാല വിഷത്തിനെതിരായ മറുമരുന്ന്–എഎസ്‌വി(ആൻറി സ്നേക് വെനം) എല്ലായിടത്തും ലഭ്യമല്ല. തായ്‌ലൻഡിൽ ഇത് ലഭ്യമാണ്. ഇന്ത്യയിൽ ഇതിനെതിരെ എഎസ്‌വി നിർമിക്കേണ്ടതിന്റെ ആവശ്യം വളരെ കുറവാണ് എന്നാണ് പൊതുവെ അഭിപ്രായം.  

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിക്കുന്ന പാമ്പുകൾ മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നിവയാണ്. ഇതിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടന്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന എഎസ്‌വി ആണ് നമ്മുടെ നാട്ടിലുള്ളത്. ഈ നാലു പാമ്പുകൾ കഴിഞ്ഞാൽ പിന്നെ കരയിൽ കാണുന്നതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് മുഴമൂക്കൻ കുഴിമണ്ഡലിയാണ്. പക്ഷേ പ്രധാന നാലിനങ്ങളുമായി താരതമ്യം ചെയ്താൽ മുഴമൂക്കൻ കടിച്ചുള്ള മരണം വളരെ കുറവാണെന്നു ഡോ.ജിനേഷ് പി.എസ്. പറയുന്നു. മുഴമൂക്കൻ കുഴിമണ്ഡലിക്ക് എതിരായി എഎസ്‌വി നിലവിലില്ല. കടൽ പാമ്പുകൾ എല്ലാം വിഷം ഉള്ളതാണ്. അവ കടിച്ചും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.