തിരിച്ചടികളിൽ തളരാതെ ജനീഷ്; കുടയും പേനയും നിർമിച്ച് പോരാട്ടം; അതിജീവനം

വിധി ഏല്‍പ്പിച്ച പ്രഹരത്തെ പേപ്പര്‍ പേനകളുടെയും കുടകളുടെയും നിര്‍മ്മാണത്തിലൂടെ അതിജീവിക്കുകയാണ് കുമരകം സ്വദേശി ജനീഷ്. പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശവാഹകന്‍ കൂടിയാണ് ജനീഷ്. കോവിഡ്ക്കാലത്ത് ആവശ്യക്കാര്‍ കുറഞ്ഞത് തിരിച്ചടിയായെങ്കിലും ലോക്ഡൗണ്‍ പിന്‍വലിച്ചത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 

ചെത്ത് തൊഴിലാളിയായിരുന്ന ജനീഷ് പത്ത് വര്‍ഷം മുന്‍പാണ് തെങ്ങില്‍ നിന്ന് വീണ് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായത്. അധികം വൈകാതെ ജനീഷിന് അച്ഛനെയും നഷ്ടപ്പെട്ടു. തിരിച്ചടികളില്‍ ജനീഷിന്‍റെ മനസക്കരുത്ത് ചോര്‍ന്നില്ല. അമ്മ ഓമനയുടെ സംരക്ഷണത്തിനൊപ്പം സ്വന്തം ചികിത്സയടക്കമുള്ള ആവശ്യങ്ങള്‍ക്ക് പണംകണ്ടെത്താന്‍ വഴി തേടുന്നതിനിടെയാണ് പേപ്പര്‍ പേനയെന്ന ആശയത്തിലേക്ക് എത്തുന്നത്. പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിക്രാഫ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെയാണ് പേന നിര്‍മാണം ആരംഭിക്കുന്നത്. വിത്തൊളിപ്പിച്ചുള്ള പേനകള്‍ക്ക് പുറമെ കുട നിര്‍മാണവും ജനീഷ് ഏറ്റെടുത്തു. 

കുട നിര്‍മാണത്തിലും പേന നിര്‍മണത്തിലും ജനീഷിന് ഇന്ന് പ്രധാന കൈസഹായം ഭാര്യ ദീപയാണ്. പേപ്പര്‍ പേനകള്‍ നിര്‍മ്മിക്കുന്നവരുടെ സമൂഹമാധ്യമ കൂട്ടായ്മയിലൂടെയാണ് ജനീഷ് തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത്. ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന ദീപയെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്  ജനീഷ് ജീവിത സഖിയാക്കി. ലോക് ഡൗണ്‍ കാലത്ത് പേപ്പര്‍ പേനകളുടെയും കുടകളുടെയും നിര്‍മ്മാണത്തിലൂടെയുള്ള വരുമാനം കുറഞ്ഞെങ്കിലും നാളയേക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളിലാണിവര്‍. കുട്ടികള്‍ക്ക് പാഠ്യോപകരണങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ വിത്തുപേന കൂടി ഉള്‍പ്പെടുത്തണമെന്നൊരാവശ്യവും ജനീഷിനുണ്ട്.