‘ശ്വസം കിട്ടാൻ വിസ്മയയുടെ നെഞ്ചിൽ അമർത്തി; മരണത്തിനു മുൻപ് കണ്ണ് തുറന്നു’

സംഭവ ദിവസം രാത്രിയിൽ വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടെന്ന് കിരണിന്റെ അമ്മ. എന്നാൽ, നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞു. കിരണിന്റെ നിലവിളി കേട്ടാണ് മുറിയിലെത്തിയതെന്നും അമ്മ ചന്ദ്രമതി മനോരമ ന്യൂസിനോട് പറ‍ഞ്ഞു. 

അമ്മ ചന്ദ്രമതിയുടെ വാക്കുകൾ: അന്ന് രാത്രി ഉപ്പുമാവും പാലുമാണ് വിസ്മയയും കിരണും കഴിച്ചത്. പിന്നീട് രണ്ടു പേരും മുറിയിലേക്കു പോയി. അൽപനേരം കഴിഞ്ഞപ്പോൾ വിസ്മയ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു. തങ്ങൾ ചെല്ലുമ്പോൾ വിസ്മയ വസ്ത്രം മാറി പോകാൻ തയ്യാറായാണ് നിൽക്കുന്നത്. കിരണും വസ്ത്രം മാറിയിരുന്നു. നേരം ഇരുട്ടിയതിനാൽ പിറ്റേന്നു കൊണ്ടു വിടാമെന്നു കിരണിന്റെ അച്ഛൻ പറഞ്ഞു. നേരത്തേയും ഇതുപോലെ വിസ്മയ നിർബന്ധം പിടിച്ച് വീട്ടിൽ കൊണ്ടു വിട്ടിട്ടുണ്ട്. ‌ഞങ്ങൾ മുറി വിടുകയും ചെയ്തു. കിരൺ വസ്ത്രം മാറി കിടന്നു. അൽപസമയം കഴിഞ്ഞപ്പോഴായിരുന്നു കിരണിന്റെ കരച്ചിൽ കേട്ടത്. അമ്മേ, അച്ഛാ, ഓടി വാ... എന്ന നിലവിളിയായിരുന്നു കിരണിന്റേത്. ചെന്നു നോക്കുമ്പോൾ കിരൺ വിസ്മയയുടെ നെഞ്ചിൽ ശ്വാസം കിട്ടാനായി അമർത്തുകയായിരുന്നു. വേഗം കാറെടുത്ത് ആശുപത്രിയിലേക്കു കൊണ്ടു പോയി. വീട്ടിൽ നിന്നും കൊണ്ടു പോകുമ്പോൾ വിസ്മയക്ക് ജീവനുണ്ടായിരുന്നു. കണ്ണുകൾ ചെറുതായി ഒന്നു തുറക്കുകയും ചെയ്തെന്നു ചന്ദ്രമതി പറഞ്ഞു. വിഡിയോ കാണാം. 

ഭർത്താവ് അറസ്റ്റിൽ

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ്  കിരണ്‍കുമാര്‍ അറസ്റ്റില്‍. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കേസില്‍ കിരണ്‍കുമാറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. വിസ്മയയെ  മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ മൊഴി നല്‍കി.‌ പക്ഷേ മരിക്കുന്നതിനു തലേന്ന് മര്‍ദിച്ചിട്ടില്ലെന്നും കിരണ്‍ പൊലീസിനോട് പറഞ്ഞു.