ഒറ്റപ്പാലത്തെ കോ‌ടതികള്‍ ഇനി ഒരു കുടക്കീഴില്‍; പദ്ധതിക്ക് അനുമതി; ചെലവ് 23.35 കോടി

പാലക്കാട് ഒറ്റപ്പാലത്ത് കോടതി സമുച്ചയത്തിന് സര്‍ക്കാരിന്റെ ഭരണാനുമതി. 23.35 കോടി ചെലവില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. നിലവിലെ കെട്ടിടം പൈതൃക സ്മാരകമാക്കണമെന്ന നിര്‍ദേശം ജില്ലാഭരണകൂടത്തിന്റെ പരിഗണനയിലാണ് ഒറ്റപ്പാലത്തെ കോടതികളെ മുഴുവന്‍ ഒരു കുടക്കീഴിലാക്കാന്‍ 2012 ല്‍ ലക്ഷ്യമിട്ട പദ്ധതിയാണ് ഒന്‍പത് വര്‍ഷത്തിനിപ്പുറം യാഥാര്‍ഥ്യമാകുന്നത്.  നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ കെട്ടിടം പൊളിച്ച് പുതിയത് പണിയും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അഡീഷനല്‍ ജില്ലാ കോടതിയും കുടുംബ കോടതിയും ഉള്‍പ്പെെട ആറ് കോടതികള്‍ ഒറ്റക്കെട്ടിടത്തിലാകും. 

ഏഴ് നിലകളോടു കൂടിയ കെട്ടിടത്തില്‍ അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള മുറികള്‍ ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. 2012 ലെ ബജറ്റില്‍ ഇടംപിടിച്ച പദ്ധതി പിന്നീട് സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി നീളുകയായിരുന്നു. എസ്റ്റിമേറ്റ് അംഗീകരിക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടി തുടങ്ങും. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പഴയ കെട്ടിടം പൈതൃക സ്മാരകമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സാധ്യത പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.