സ്പെഷല്‍ ഫീസടച്ചില്ല; ഓണ്‍ലൈന്‍പഠനം നിഷേധിച്ച് സ്കൂൾ; പ്രതിഷേധം

സ്പെഷല്‍ ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പാലക്കാട് എലപ്പുള്ളി കുന്നാച്ചിയില്‍ സ്വകാര്യ സ്കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. കോവിഡ് കാലത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ ഫീസ് കൂട്ടിയത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. വര്‍ഷം തോറുമുള്ള നടപടിയാണെന്നും രക്ഷിതാക്കളുടെ ഭാഗം കൂടി കേട്ട് മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ എന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

ഓണ്‍ലൈന്‍ ക്ലാസിനുള്ള അറിയിപ്പ് വന്നിട്ടും പുസ്തക വിതരണമുണ്ടായില്ല. കാര്യം തിരക്കിയപ്പോഴാണ് പതിന‍ഞ്ച് ശതമാനത്തിലധികം ഫീസ് ഉയര്‍ത്തിയെന്ന് അറിയുന്നത്. ആദ്യഗഡു അടച്ചാല്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസിനുള്ള ലിങ്ക് അനുവദിക്കൂ എന്ന് അധ്യാപകര്‍ വാശിപിടിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.  പ്രതിഷേധത്തിനൊടുവില്‍ കസബ പൊലീസ് ഇടപെട്ടു. അടുത്തദിവസത്തെ മാനേജ്മെന്റ് യോഗത്തില്‍ രക്ഷിതാക്കളെക്കൂടി പങ്കെടുപ്പിക്കാമെന്ന് ഉറപ്പ് നല്‍കി. ഫീസ് കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ സ്കൂളിന് മുന്നില്‍ വീണ്ടും സമരമിരിക്കാനാണ് ഇവരുടെ തീരുമാനം.