കന്നുകാലികളിലെ കുളമ്പുരോഗം: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ മലബാര്‍ മേഖലയിലെ കര്‍ഷകരും ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഇതരസംസ്ഥാനത്ത് നിന്നുകൊണ്ടുവന്ന കന്നുകാലികളെ ക്വാറന്റീന്‍ ചെയ്യണം. പരിപാലനത്തിന് ശാസ്ത്രീയരീതികള്‍ പിന്തുടരണമെന്നും അധികൃതര്‍ പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം. 

കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് പശുക്കളിലെ കുളമ്പ് രോഗം. തെക്കന്‍ ജില്ലകളില്‍ ഭീഷണിയായി മറുന്ന കുളമ്പ് രോഗം മലബാറില്‍ വ്യാപകമായിട്ടില്ല എന്നത് ആശ്വാസമാണ്. പക്ഷെ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗമുള്ള പശുക്കള്‍ക്ക് മറ്റുള്ളവയുമായി സാമീപ്യമുണ്ടാവരുത്. തീറ്റയിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും വൈറസ് പകരാം. ഇതര സംസ്ഥാനത്തു നിന്നു കൊണ്ടു വന്ന കന്നുകാലികളെ 21 ദിവസം ക്വാറന്റീന്‍ ചെയ്ത് കുത്തിവയ്പ് എടുക്കണം. 

തൊഴുത്തിന്റെയും കന്നുകാലികളുടെയും പരിപാലനത്തില്‍ ശാസ്ത്രീയമായ രീതികള്‍ പിന്തുടരണം. രോഗം കിടാരികള്‍ക്ക് വരാതെ സൂക്ഷിക്കണം. കിടാരികളില്‍ ഹൃദയപേശികളെ ബാധിക്കുന്നതിനാല്‍ ഗുരുതരമാകും. രോഗ പ്രതിരോധ കുത്തിവയ്പാണ് ഒരേയൊരു പ്രതിരോധമാര്‍ഗം. കോവിഡ് നിയന്ത്രണങ്ങളും മറ്റും കാരണം വാക്സീനേഷന്‍ താളം തെറ്റിയിരുന്നു.