ആവശ്യമുള്ള സാധനങ്ങൾ എടുക്കാം; പണപ്പെട്ടിയും കാഷ്യറുമില്ല, സിപിഎമ്മിന്റെ പലചരക്കുകട‌‌

കളമശേരി: ലോക്ഡൗൺ നീണ്ടതോടെ ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസമാകുകയാണ് യൂണിവേഴ്സിറ്റി കോളനിയിൽ സിപിഎം ബ്രാഞ്ച് ആരംഭിച്ച കാഷ്യറും പണപ്പെട്ടിയുമില്ലാത്ത പലചരക്കുകട. കോളനിയിൽ റേഷൻകടക്കവലയിൽ പ്രത്യേകം തയാറാക്കിയ സ്റ്റാളിലാണു നിത്യോപയോഗ സാധനങ്ങളുമായി കട ഒരുക്കിയത്. ആവശ്യമുള്ള സാധനങ്ങൾ എടുക്കാം. നഗരസഭയിലെ ജനസാന്ദ്രത കൂടിയ പ്രദേശമാണ് 600  കുടുംബങ്ങൾ താമസിക്കുന്ന യൂണിവേഴ്സിറ്റി കോളനി.

സുമനസ്സുകളുടെ സഹായത്തോടെ സാധനങ്ങളെത്തിക്കും. സ്റ്റാളിൽ അരി, കറിപ്പൊടികൾ, തേയില, പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, വെളിച്ചെണ്ണ, പാമോയിൽ, സവാള, ഉരുളക്കിഴങ്ങ്, ആട്ട, മൈദ, സേമിയ, മുട്ട, പാല്, പച്ചക്കറിയിനങ്ങൾ, ചക്ക, മാങ്ങ, സോപ്പ് തുടങ്ങിയ എല്ലാവിധ അവശ്യസാധനങ്ങളും പാക്ക് ചെയ്തു വച്ചിട്ടുണ്ട്. 75  കുടുംബങ്ങൾ ഈ സേവനം ഉപയോഗപ്പെടുത്തി.

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ തിങ്കളാഴ്ച മുതൽ 20 പേർക്കു മാത്രമായിരിക്കും  സാധനങ്ങൾ നൽകുകയെന്നു ബ്രാഞ്ച് സെക്രട്ടറി കെ.എസ്.സലിം പറഞ്ഞു. ലോക് ഡൗൺ അവസാനിക്കുന്ന 30 വരെ സ്റ്റാൾ പ്രവർത്തിപ്പിക്കും. സൗജന്യമായി സാധനങ്ങൾ വേണ്ട എന്നുള്ളവർക്കു സാധനങ്ങൾ എടുത്ത ശേഷം കഴിവിനൊത്ത സംഭാവന നൽകാം. സെന്റ് ജോൺസ് പള്ളി വികാരി ഫാ.ജോഷി പാദുവ ഉദ്ഘാടനം ചെയ്തു.