കോടതി നടപടികൾ ഇനി ഒാൺലൈനാകുന്നു; ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം

 സംസ്ഥാനത്തെ കോടതി നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക് വഴിമാറുന്നു. കോടതികളിലെ ഫയലിങ് നടപടികള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഹൈക്കോടതി ഫുള്‍ കോര്‍ട്ട് അംഗീകാരം നല്‍കുന്നതോടെ ഇലക്ട്രോണിക് ഫയലിങ് ചട്ടങ്ങള്‍ നിലവില്‍ വരും. 

കേരളത്തിലെ കോടതി നടപടികള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതി ഇലക്ട്രോണിക് ഫയലിങ് ചട്ടത്തിന് രൂപം നല്‍കിയത്. ഇതനുസരിച്ച് കോടതികളുടെ വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായിട്ടായിരിക്കും ഹര്‍ജികളും അനുബന്ധ പത്രികകളും നല്‍കേണ്ടത്. കേസ് ഫയല്‍ ചെയ്യുന്ന വ്യക്തി ഇ ഫയലര്‍ എന്നായിരിക്കും അറിയപ്പെടുക. കോടതി ഫീസും മറ്റും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. കേസിലെ രേഖകൾ സ്കാൻ ചെയ്തു ഹർജിയോടൊപ്പം പിഡിഎഫ് ഫോർമാറ്റിൽ നൽകണം. സത്യവാങ്മൂലങ്ങളും എതിര്‍ സത്യവാങ്മൂലങ്ങളും മറുപടികളുമെല്ലാം ഇത്തരത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ഇ മെയില്‍ വഴി വ്യവഹാരികള്‍ക്കും ബന്ധപ്പെട്ട കക്ഷികള്‍ക്കും നല്‍കും. 

ഒപ്പുകള്‍ ഡിജിറ്റല്‍ സിഗ്നേച്ചറായി രേഖപ്പെടുത്താം. അല്ലാത്ത പക്ഷം ആധാര്‍ നമ്പര്‍ നല്‍കി സ്വയം സാക്ഷ്യപ്പെടുത്താം. ഓണ്‍ലൈന്‍ കോടതി നടപടികളുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക സഹായം നല്‍കാന്‍ എല്ലാ കോടതികളിലും പ്രത്യേകം കൗണ്ടറുകളുണ്ടാകും. അതേസമയം ഓണ്‍ലൈന്‍ കോടതി ചട്ടം ആവിഷ്കരിച്ചതില്‍ അഭിഭാഷക സംഘടനകളുടെ അഭിപ്രായം ആരാഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹൈക്കോടതിയിലടക്കം ഇ ഫയലിങ് സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്.