വേണ്ട സാറേ, ആ പണം ഇന്നാ പിടിച്ചോ!: പങ്ക് കിട്ടിയവർ ആ തുക പൊലീസിനു കൈമാറിത്തുടങ്ങി

ദേശീയപാതയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കുഴൽപണം കവർന്ന കേസിൽ അറിഞ്ഞും അല്ലാതെയും പങ്ക് കിട്ടിയവർ ആ  തുക പൊലീസിനു കൈമാറിത്തുടങ്ങി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിൽ ഇതോടകം 40 ലക്ഷത്തിലധികം രൂപ  കണ്ടെടുക്കുകയും പ്രതികൾ പണം പങ്കുവച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും ചെയ്തതോടെയാണ് ഇത്. പണം ആർക്കൊക്കെ വീതം വച്ചെന്നു അറസ്റ്റിലായ പ്രതികൾ പൊലീസിനു വിവരം നൽകിയിരുന്നു.

ഇതനുസരിച്ചു പൊലീസ് അന്വേഷിച്ചപ്പോഴാണു പലരും പണം തിരികെ നൽകിയത്. ഇല്ലെങ്കിൽ കൂട്ടുപ്രതികളായി വിചാരണ നേരിടേണ്ടി വരുമെന്ന ഭയമാണ് ഇവർക്കുള്ളത്. 19 പേരെ പ്രതി ചേർത്ത കേസിൽ  18 പേർ പിടിയിലുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ 4 പ്രതികളുമായി തെളിവെടുപ്പു തുടരുന്നു. ഇന്നലെ കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. കണ്ണൂരിൽ നിന്നുള്ള സംഘം ഇടപെട്ട കുഴൽപണ തട്ടിപ്പിൽ പണം പങ്കുവച്ചത് മട്ടന്നൂരിലെ  ഹോട്ടലിലാണെന്നാണു വിവരം.

വയനാട്ടിലേക്കും തെളിവെടുപ്പു നീളും. തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപാണു പുലർച്ചെ കൊടകരയിൽ പണവും കാറും കവർന്നത്. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടെന്നാണു പൊലീസിൽ ലഭിച്ച പരാതി. എന്നാൽ അന്വേഷണത്തിൽ 3.5 കോടിയിലേറെ രൂപയുണ്ടെന്ന വിവരം ലഭിച്ചിരുന്നു. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക്, ആർഎസ്എസ്, ബിജെപി പ്രവർത്തകൻ ധർമരാജൻ വഴി കൊടുത്തുവിട്ട പണമാണു നഷ്ടപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.