എല്ലാവർക്കും എപ്പോഴും പ്രിയപ്പെട്ടവൻ; പറഞ്ഞതെല്ലാം തെളിയിച്ച ക്രിസോസ്‌റ്റം തിരുമേനി

ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു വേദികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു പ്രിയങ്കരനായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. പ്രസംഗം മാത്രമല്ല, താന്‍ പറഞ്ഞതെല്ലാം പ്രവൃത്തിയിലൂടെ തെളിയിക്കാനും വലിയ മെത്രാപ്പോലീത്തയ്ക്കായി.

ഒരുദിവസം ഏഴു വേദികളിൽവരെ പ്രധാന പസംഗകന്റെ റോളിൽ തിളങ്ങിയ ചരിത്രമുണ്ട് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക്. മാര്‍ത്തോമ്മാ സഭാതലവനായിരുന്ന എട്ടുവര്‍ഷം തിരുവല്ല നഗരത്തിലും പരിസരങ്ങളിലും മാത്രം അഞ്ഞൂറിലധികം വേദികളിൽ അദേഹത്തിന്‍റെ സാന്നിധ്യമുണ്ടായി.  കേള്‍വിക്കാര്‍  പത്തായാലും പതിനായിരമായാലും വേദികൾ മാർ ക്രിസോസ്‌റ്റത്തിന് ഒരുപോലെയായിരുന്നു. പ്രധാന വ്യക്‌തികൾ തിരുവല്ലയിൽ വന്നാൽ മാർ ക്രിസോസ്‌റ്റത്തെ കാണാതെ  മടങ്ങില്ലായിരുന്നു. പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും വ്യത്യസ്‌തനായിരുന്നു വലിയ മെത്രാപ്പോലീത്ത. റയിൽവേ കോളനിയിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭവനം നിർമിക്കാനായി ‘ലാൻഡ്‌ലെസ് ആൻഡ് ഹോംലെസ് പദ്ധതി’ ആവിഷ്‌കരിച്ചു. വീടില്ലാതിരുന്ന നാടോടിബാലന്‍ സുബ്രഹ്‌മണ്യന് മനോഹരമായ വീട് നിർമിച്ചുനൽകി. ഉന്നതവിദ്യാഭ്യാസം ആഗ്രഹിച്ച മുസ്‌ലിം പെൺകുട്ടിക്ക് എൻട്രൻസ് പഠനത്തിനായി ക്രമീകരണങ്ങൾ ചെയ്‌തു.  

നവതിയുടെ ഭാഗമായി 1500 വീടുകളാണ് നിർമിച്ചുനൽകിയത്. ഓണവും ക്രിസ്‌മസും എത്തുമ്പോൾ  പാവപ്പെട്ടവര്‍ക്കൊപ്പമായിരുന്നു എന്നും  ക്രിസോസ്‌റ്റം തിരുമേനി. അവരോടൊപ്പം ഭക്ഷണം കഴിച്ച് വസ്‌ത്രങ്ങൾ വാങ്ങി നൽകി ആഘോഷവേളയെ അർഥപൂർണമാക്കി.വലിയമെത്രാപ്പോലീത്തയെന്നാണ് ഏവരും വിളിച്ചിരുന്നതെങ്കിലും ചെറിയ മനുഷ്യര്‍ക്കിടയിലാണ് പലപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നത്. സഭൈക്യം അദ്ദേഹത്തിന്‍റെ മുന്‍ഗണനകളില്‍ ഒന്നായിരുന്നു. അമിതമായ പ്രകൃതിചൂഷണം, പരിസ്ഥിതിക്കെതിരായ തിന്‍മകള്‍ എന്നിവയ്ക്കെതരെയുള്ള പ്രതികരണങ്ങള്‍ കടുത്തതായിരുന്നു. കേവലം  തമാശപറഞ്ഞ് പ്രസംഗിച്ച് ആളെ കൈയിലെടുക്കുന്ന ഒരാള്‍മാത്രമാകാന്‍ ഒരിക്കലും മാര്‍ ക്രിസോസ്റ്റം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.