ക്രിസോസ്റ്റം തിരുമേനിക്ക് 104; ആശുപത്രിമുറിയിൽ പിറന്നാൾ മധുരം

ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും നര്‍മത്തിലൂടെ പഠിപ്പിച്ച ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത  നൂറ്റിനാലാം വയസിലേക്ക്. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് വലിയമെത്രാപ്പോലീത്ത. ജന്‍മദിനത്തോടനുബന്ധിച്ച് രാവിലെ  ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ  നേതൃത്വത്തില്‍ വിശുദ്ധകുര്‍ബാന നടത്തി. പ്രത്യേകം തയാറാക്കിയ വട്ടയപ്പം വലിയ മെത്രാപ്പോലീത്ത മുറിച്ചു. സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് അടക്കം വൈദികരും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സന്നിഹിതരായി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.