ജോർജിന്റെ പേജിന് താഴെ തെറിവിളി; തോൽവിക്ക് പിന്നാലെ പരിഹാസം

വലിയ ആത്മവിശ്വാസത്തിന് പൂഞ്ഞാർ നൽകിയ മറുപടിയുടെ അമ്പരപ്പിലാണ് പി.സി ജോർജ്. മൂന്നു മുന്നണികളോട് ഏറ്റുമുട്ടി വൻഭൂരിപക്ഷത്തിൽ ജയിച്ചവനാടാ ‍ഞാൻ എന്ന പി.സിയുടെ വാക്ക് കഴിഞ്ഞ അ‍ഞ്ചുവർഷം മലയാളി കേട്ടതാണ്. എന്നാൽ ഇത്തവണ പി.സിക്ക് അടിതെറ്റി. ഇതോടെ അദ്ദേഹത്തിനെതിരെ പരിഹാസവും വിമർശനവുമായി നിറയുന്ന വലിയ കൂട്ടത്തെയാണ് ഇപ്പോൾ കാണുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിന് താഴെയാണ് ഇത്തരം കമന്റുകൾ നിറയുന്നത്.

‘കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും എന്ന് പി.സി ജോർജ് ഇന്നും വ്യക്തമാക്കിയതാണ്. എന്നാൽ വിധിയെഴുത്ത് അദ്ദേഹത്തിന്റെ അമിതമായ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടി കൂടിയായി. മികച്ച ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് പൂഞ്ഞാർ പിടിച്ചത്.  

ഭരണത്തുടര്‍ച്ച ഉറപ്പാക്കി ഇടതുമുന്നണി. 99 സീറ്റെന്ന ആധികാരിക വിജയവുമായി പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്. സംസ്ഥാനമാകെ അലയടിച്ച ഇടതുതരംഗത്തില്‍ അടിപതറിയ യുഡിഎഫ് 41 സീറ്റിലേക്ക് ചുരുങ്ങി. ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് എന്‍ഡിഎ തകര്‍ന്നടിഞ്ഞു. മല്‍സരിച്ച രണ്ട് മണ്ഡലത്തിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തോറ്റു. മഞ്ചേശ്വരത്ത് രണ്ടാമതെത്തിയ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാമതായി. ഇ.ശ്രീധരനെ ഇറക്കിനടത്തിയ പരീക്ഷണവും ഫലംകണ്ടില്ല. നേമത്ത് കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിക്കും ലക്ഷ്യംകാണാനായില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യുഡിഎഫ് വന്‍ തിരിച്ചടി നേരിട്ടു. വടകരയില്‍  കെ.കെ.രമ കരുത്തുതെളിയിച്ചു. മലപ്പുറത്തെ കോട്ടകളായ മണ്ഡലങ്ങളില്‍ വിജയിച്ചപ്പോഴും ലീഗിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. നിയമസഭയിലേക്ക് ആദ്യ മല്‍സരത്തിനിറങ്ങിയ ട്വന്‍റി 20 കൂട്ടായ്മക്ക് മല്‍സരിച്ച എട്ടിടങ്ങളില്‍ ഒരിടത്തും കരുത്തുതെളിയിക്കാനായില്ല.