പോസ്റ്റൽ ബാലറ്റുകളിൽ പരാതി; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കി. തപാല്‍ വോട്ടുകളില്‍ അട്ടിമറി നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ബാലറ്റുകളുടെ സീരിയല്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ കൈമാറണമെന്നാണ് ആവശ്യം. പി.സി.വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, പാറയ്ക്കല്‍ അബ്ദുള്ള, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബിആര്‍എം ഷഫീര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. 

വോട്ടര്‍ പട്ടികയ്ക്ക് പിന്നാലെ തപാല്‍ വോട്ട് വിഷയത്തിലും നിലപാട് കടുപ്പിക്കുകയാണ് യുഡിഎഫ്. സ്ഥാനാര്‍ഥികളെ വിശ്വാസത്തിലെടുക്കാതെയാണ് തപാല്‍ ബാലറ്റുകളുടെ വിതരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ യുഡിഎഫ് ആരോപിക്കുന്നു. മണ്ഡലത്തില്‍ തപാല്‍ ബാലറ്റിന് അപേക്ഷിച്ചവരുടെ എണ്ണം, ആകെ അച്ചടിച്ച തപാല്‍ ബാലറ്റുകളുടെയും വിതരണം ചെയ്ത തപാല്‍ ബാലറ്റുകളുടെയും എണ്ണം തുടങ്ങിയ വിശദാംശങ്ങള്‍ കൈമാറണമെന്നാണ് സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. വരണാധികാരികള്‍ മുഖേന വിതരണം ചെയ്ത തപാല്‍ ബാലറ്റുകളുടെ സീരിയല്‍ നമ്പറടക്കമുള്ള വിശദാംശങ്ങളും കൈമാറണം. ഓരോ മണ്ഡലത്തിലും വിതരണം ചെയ്ത ശേഷം സൂക്ഷിച്ചിരിക്കുന്ന ബാലറ്റുകളുടെ വിശദാംശങ്ങളും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

വിതരണം ചെയ്യാത്ത സീരിയല്‍ നമ്പറിലുള്ള ബാലറ്റുകള്‍ വോട്ടെണ്ണലിന് വന്നാല്‍ ഇവ മാറ്റി വയ്ക്കണമെന്നും ഏത് ബാലറ്റിന് പകരമാണ് ഇവ വന്നതെന്ന് കണ്ടെത്തണമെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ കണക്കില്‍ പെടാത്ത ബാലറ്റുകള്‍ കൗണ്ടിങ് ടേബിളിലെത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്നു

MORE IN KERALA