'അനുമോൾക്കിപ്പം ഉമ്മൻ ചാണ്ടിക്ക് മാലയിടണം..'; ഒടുവിൽ കാണാനെത്തി; വിഡിയോ

അനുമോളുടെ കരച്ചിൽ ഉമ്മൻ ചാണ്ടി കേട്ടു. 'അനുമോൾക്കിപ്പം പോണം... ഉമ്മൻ ചാണ്ടിയ്ക്ക് മാലയിടണം' എന്ന് പറഞ്ഞ് വാശിയോടെ വിങ്ങിക്കരഞ്ഞ ആൻമരിയ എന്ന കുഞ്ഞിനെ കാണാനാണ് ഉമ്മൻ ചാണ്ടി എത്തിയത്. ‘എനിക്കിപ്പം പോണം’ എവിടെയെന്ന ചോദ്യത്തിന് ‘അനുമോൾക്കിപ്പം പോണം... ഉമ്മൻ ചാണ്ടിയ്ക്ക് മാലയിടണം’ എന്നാണ് കരച്ചിലിനിടയിലും അനുമോളുടെ ഉത്തരം. ഉമ്മൻ ചാണ്ടിയ്ക്ക് അനുമോൾ കഴിഞ്ഞ ദിവസം രണ്ട് മാലയിട്ടതല്ലേ എന്ന പപ്പയുടെ ചോദ്യത്തിന് ‘അത് നല്ലതല്ല ടു മാലകൂടി ഇടണം’ എന്നായി ആ കുരുന്ന്. അനുമോൾക്ക് മാലയിടണമെന്നും ഉമ്മൻ ചാണ്ടിയോട് വരാൻ പറയാമെന്നുമൊക്കെ പപ്പ മോളെ ആശ്വസിപ്പിച്ചെങ്കിലും അനുമോൾടെ കരച്ചിൽ നിന്നില്ല..  കഴിഞ്ഞ ദിവസങ്ങളിൽ വൈറലായതാണ് ഈ മൂന്നു വയസുകാരിയുടെ വിഡിയോ.

ഏതായാലും അച്ഛൻ സൂരജ് സക്കറിയക്കൊപ്പം ഉമ്മൻചാണ്ടിയെ കാണാനെത്തി ആ കുഞ്ഞ് ആഗ്രഹമങ്ങ് സാധിച്ചു. കയ്യിൽ കരുതിയ മാല അനുമോൾ ഉമ്മൻ ചാണ്ടിയെ അണിയിച്ചു. തന്റെ പ്രിയപ്പെട്ട  ഉമ്മൻചാണ്ടിയ്ക്കൊപ്പം നിന്നു ഫോട്ടോയുമെടുത്തു ഈ കുരുന്ന്. ‘ ഈ മാലങ്ങ് ഇട്ട് തരട്ടെ ഇതങ്ങ് വച്ചേക്കണം കേട്ടോ’ എന്നു പറഞ്ഞു അനുമോൾ അണിയിച്ച ആ മാല  ഉമ്മൻചാണ്ടി തിരികെ ആ കുരുന്നിന്റെ കഴുത്തിൽ അണിയിച്ചും കൊടുത്തു.  തന്റെ വലിയ ആഗ്രഹം സാധിച്ച സന്തോഷത്തിലായിരുന്നു അനുമോൾ.