നെല്ലിയാമ്പതിയിൽ വണ്ടിന് മലയാളിയുടെ പേര്; ‘സാന്ദ്രക്കോട്ടസ് വിജയകുമാറി’

നെല്ലിയാമ്പതി വനമേഖലയിൽ നിന്ന് കണ്ടെത്തിയ പുതിയ തരം വണ്ടിന് മലയാളിയുടെ പേര് സമ്മാനിച്ചു.‘സാന്ദ്രക്കോട്ടസ് വിജയകുമാറി’ എന്നാണ് വണ്ടിന് നൽകിയ പേര്. പ്രാണികളെ കുറിച്ച് പഠിക്കുകയും അതേ കുറിച്ച് എഴുതുകയും ചെയ്യുന്ന വിജയകുമാർ ബ്ലാത്തൂരിനോടുള്ള ആദരമായിട്ടാണ് പുതിയതായി കണ്ടെത്തിയ വണ്ടിന് പേരു നൽകിയിരിക്കുന്നത്. പ്രസിദ്ധ ജൈവവൈവിധ്യ ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളത്തിൽ മുങ്ങിക്കഴിയുന്ന Diving beetles അഥവാ മുങ്ങാങ്കുഴി വണ്ടുകളിൽപ്പെട്ടതാണ് ഈ പുതിയ പ്രാണി. ഇടക്ക്  വെള്ളത്തിൽ നിന്ന് മുകളിലോട്ടു വരുകയും വായുവിൽ വന്നു വീണ്ടും മുങ്ങുകയും ചെയ്യും. വായു കുമിളകൾ  ഇവയുടെ ചിറകിന്റെ അടിയിൽ പിടിച്ച് നിർത്തുവാനുള്ള കഴിവുണ്ട്.ഈ കുമിളയിൽ നിന്നുള്ള ഓക്സിജൻ ഉപയോഗിച്ചാണ് വെള്ളത്തിനടിയിൽ നിന്ന് ശ്വസിക്കുന്നത്. 2001 ലെ കണക്ക് പ്രകാരം സാന്ദ്രാ കോട്ടസ് ജനുസ്സിൽ ആകെ പതിനാറ് സ്പീഷിസുകൾ മാത്രമേ ലോകത്ത് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളു. 

പ്രാണികളുടെയും  ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് മലയാളത്തിൽ ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് വിജയകുമാർ. കണ്ണൂർ ജില്ലയിലെ   ബ്ലാത്തൂർ സ്വദേശിയായ വിജയകുമാർ ഊരത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റാണ്.