video-cpm-troll

‘പുരോഗമനമോ നിലവാരമില്ലായ്മയോ.. സഖാവേ, സത്യത്തിൽ ഇത് പുരോഗമന കലാസാഹിത്യ സംഘം ആണോ അതോ ആർഷ ഭാരത കലാസാഹിത്യ സംഘം ആണോ.. ആഹാ, മുക്കിയോ ഇനിയും വരണം ഇടയ്ക്കൊക്കെ ആ രാജ്യദ്രോഹ കുപ്പായവും കൊണ്ട്..’ സർക്കാരിനെ തുണച്ച് വിജയം ഉറപ്പിക്കാൻ ഇറങ്ങിയ പുരോഗമന കലാസാഹിത്യസംഘം ഇപ്പോൾ വിഡിയോകൾ നീക്കം ചെയ്യുന്നതിന്റെ തിരക്കിലാണ്. അത്രമാത്രം വിമർശനങ്ങളും വിവാദങ്ങളുമാണ് വിഡിയോകൾ വരുത്തി വച്ചത്. സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുത് എന്ന് ഇടതു പ്രവർത്തകർ വരെ വിഡിയോകൾക്ക് താഴെ കമന്റിടുകയാണ്. പുറത്തുവന്ന വിഡിയോകളെല്ലാം തന്നെ വിവാദമാവുകയാണ്. തീവ്രവാദ ചാപ്പ കുത്തല്‍ മുതല്‍ പഴഞ്ചൻ അവതരണം വരെ ചൂണ്ടിക്കാട്ടിയാണ് ‘പുരോഗമന’ കലാ സാഹിത്യ സംഘത്തെ വിമര്‍ശിക്കുന്നത്. 

പെൻഷനും കിറ്റും തന്നെയാണ് പലതിലും ചർച്ചാവിഷയം. മുസ്‌ലിംകള്‍ രാജ്യദ്രോഹിയും ബ്രാഹ്മണന്‍ ദരിദ്രനുമായി ചിത്രീകരിക്കുന്ന വിഡിയോകളാണ് വിവാദമായത്. ചമയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്‌നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന ബ്രാഹ്മണ കഥാപാത്രം ക്ഷേത്രങ്ങൾ പൂട്ടിയപ്പോൾ പട്ടിണിയായി പോയ ആളാണ്.  കിറ്റാണ് ഇല്ലം രക്ഷിച്ചതെന്ന് വിഡിയോ പറഞ്ഞുവയ്ക്കുന്നു. എന്നാൽ രാജ്യദ്രാഹി പരാമർശമുള്ള വിഡിയോകൾ അടക്കം ഇപ്പോൾ പേജിൽ കാണുന്നില്ലെന്നും വിമര്‍ശനം നിറയുന്നു.