ശുദ്ധമായ പശുവിന്‍പാല് വേണോ?; എടിഎമ്മിലേക്ക് ചെല്ലൂ...

ഇനി ശുദ്ധമായ പശുവിന്‍പാല് എ.ടി.എം വഴിയും ലഭിക്കും. എറണാകുളം വടക്കന്‍ പറവൂരില്‍ സ്ഥാപിച്ച മില്‍ക്ക് എ.ടി.എമാണ് 24 മണിക്കൂറും പാല്‍ ചുരത്തുന്നത്. പ്ലാസ്റ്റ് കവറുകള്‍ ഒഴിവാക്കി മാതൃകാപരമായാണ് എടിഎമ്മിന്റെ പ്രവര്‍ത്തനം.

നേരം എത്ര വൈകിയാലും ഇനി വടക്കന്‍ പറവൂര്‍ സ്വദേശികള്‍ക്ക് പാല് കിട്ടിയില്ലെന്ന പരാതിയുണ്ടാകില്ല. സ്ഥലത്തെ മില്‍ക്ക് എടിഎമില്‍ എത്തിയാല്‍ മതി.  വിവിധോദ്ദേശ സഹകരണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന പ്രീപെയ്ഡ് കാര്‍ഡ് മില്‍ക്ക് എടിഎമില്‍ നിക്ഷേപിച്ചാല്‍ ഉടന്‍ തന്നെ മഷീന്‍ ഓണാകും. കൈവശമുള്ള കുപ്പിയോ പാത്രമോ മഷീനകത്ത് വച്ചതിന് ശേഷം ആവശ്യമായ അളവ് ബട്ടനില്‍ രേഖപ്പെടുത്തിയാല്‍ തടസങ്ങള്‍ ഒന്നുമില്ലാതെ ശുദ്ധമായ പശുവിന്‍ പാല്‍ റെഡി. ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പാല് ലഭിക്കുന്നത് മാത്രമല്ല, പ്ലാസ്റ്റിക്ക് മാലിന്യം പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.

ചേന്ദമംഗലം കോട്ടയില്‍ കോവിലകം ക്ഷീരോല്‍പാദന സഹകരണ സംഘത്തില്‍ നിന്നാണ് എടിഎമിലേക്ക് പാലെത്തുന്നത്. മഷീന് 500 മീറ്റര്‍ സംഭരണ ശേഷിയുണ്ട്. എപ്പോഴെത്തിയാലും പാല് ലഭിക്കുന്ന മില്‍ക്ക് മഷീന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.