കൗതുകമായി തേങ്ങ ബസാർ; കോഴിക്കോടിന്റെ കഥ പറഞ്ഞ് ചുമര്‍ ചിത്രങ്ങള്‍

കോഴിക്കോട് സൗത്ത് ബീച്ചിനടുത്തുളള തേങ്ങ ബസാറിലെ ചുമര്‍ ചിത്രങ്ങള്‍ നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും കൗതുകമാകുന്നു‌. നഗരത്തിന്റെ പൗരാണിക ചരിത്രം പറയുന്ന ചിത്രങ്ങള്‍ ബീച്ചിലെ ടൂറിസത്തിനും സാധ്യതയേകുന്നു.

ഇന്നലെ വരെയുളള  തേങ്ങ ബസാറല്ല ഇപ്പോള്‍. പഴമയുടെ പാടും മങ്ങലുമൊന്നും കാണാനില്ല. ഒരുകൂട്ടം ചിത്രകാരന്മാരുടെ നിറങ്ങള്‍ കോഴിക്കോടിന്റെ കഥ പറയാന്‍ തിരഞ്ഞെടുത്തത് തേങ്ങ ബസാറിന്റെ ചുമരുകളെയാണ്.ചിത്രങ്ങളും നിറങ്ങളും കണ്ട ആവേശത്തില്‍ സെല്‍ഫിയെടുക്കാന്‍ എത്തുന്ന യുവാക്കളും കുറവല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്  കെട്ടിടത്തിന്.ചിത്രങ്ങള്‍ വരച്ച് ഭംഗിയാക്കുന്നതിനൊപ്പം തന്നെ കെട്ടിടത്തിന് വേണ്ട നവീകരണപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് തൊഴിലാളികള്‍ പറയുന്നു.

സ്റ്റാര്‍ട്ട് ഇന്ത്യ എന്ന സംഘടനയുടെ  നേത‍‍ൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ചിത്രകാരന്മാര്‍ ആറുദിവസം കൊണ്ടാണ് തേങ്ങ ബസാറിന്റെ മേക്കോവര്‍ പൂര്‍ത്തിയാക്കിയത്.എല്ലാവരുടെയും ജീവിതത്തിലേക്ക് കലയിലൂടെ ശുഭാപ്തി വിശ്വാസം നിറയ്ക്കുക എന്ന ഇവരുടെ ലക്ഷ്യമാണ് തേങ്ങ ബസാര്‍ തിരഞ്ഞെടുക്കാനുള്ള പ്രചോദനവും.