jaytakrishnan

നടന്‍ ജയകൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ ? ഈ ചോദ്യങ്ങള്‍ക്കു നടുവിലാണ് കുറച്ചുദിവസങ്ങളായി നടന്‍ ജയകൃഷ്ണന്‍. സിനിമ –സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരം ഇത്തവണ മല്‍സരിക്കുന്നമെന്ന പ്രചാരണത്തിനുപിന്നില്‍ കാരണങ്ങളേറെയുണ്ട്. സിപിഎമ്മിന്റെ സഹയാത്രികനാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ സജീവസാന്നിധ്യവും. എന്നാല്‍ പ്രധാനകാരണം മറ്റൊന്നാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധം തന്നെ. പാര്‍ട്ടിനേതൃത്വത്തിലെ പലരും ജയകൃഷ്ണന്റെ സുഹൃത്തുക്കളുമാണ്. പുതുപ്പള്ളി കുഴിമറ്റമാണ് സ്വദേശം. ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് പലപ്പോഴും പരീക്ഷണങ്ങള്‍ക്കുമുതിര്‍ന്നിട്ടുണ്ട്. ഇരുപതുവര്‍ഷത്തിലധികമായ കലാരംഗത്തുള്ള ജയകൃഷ്ണനിലൂടെ സിപിഎം ഒരു പരീക്ഷണത്തിന് മുതിര്‍ന്നേക്കുമെന്ന പ്രചാരണം ശക്തമാണ്. 

എന്നാല്‍ ജയകൃഷ്ണന്‍ ഇക്കാര്യത്തില്‍ മൗനം സ്വീകരിക്കുകയാണ്. പാര്‍ട്ടിയെ ഒരുവാക്കുകൊണ്ടുപോലും പ്രതിരോധത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ജയകൃഷ്ണന്റെ മറുപടി. 

അതിനിടെയാണ് മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന ചിത്രത്തിലെ ജയകൃഷ്ണന്‍റെ ക്യാരക്ടറ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. എംഎല്‍എ ടോം മുക്കാടന്‍ എന്ന കഥാപാത്രമായാണ് ജയകൃഷ്ണന്. കാലിക രാഷ്ട്രീയത്തില്‍ പലതുകൊണ്ടും ശ്രദ്ധേയനായ ഒരു എംഎല്‍എയുമായ സാമ്യതകളേറെയുണ്ട് ടോം മുക്കാടന്. മുടിയൊക്കെയെടുത്ത് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എംഎല്‍എപ്പോരിനിറങ്ങുമെന്ന സൂചനകള്‍ക്കിടെയാണ് എംഎല്‍എ വേഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി വേഷമിട്ട വണ്‍ തിരഞ്ഞെടുപ്പിനുമുമ്പ് റിലീസ് ചെയ്യുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.