ഇന്ധനവില വർധനയ്ക്കെതിരെ കശ്മീര്‍ വരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധം

ഇന്ധന വിലവര്‍ധനയ്ക്കെതിരെ വെറിട്ട പ്രതിഷേധവുമായി രണ്ട് മലയാളി യുവാക്കള്‍. ആലുവ സ്വദേശി അഫ്സലും തിരൂര്‍ സ്വദേശിയായ മറ്റൊരു അഫ്സലുമാണ് കശ്മീര്‍ വരെ സൈക്കിള്‍ ചവിട്ടുന്നത്. ജനങ്ങള്‍ പ്രതികരിച്ചാല്‍ മാത്രമെ വില കുറയൂ എന്നാണ് ഇരുവരുടെയും പക്ഷം. 

അനുദിനം വര്‍ധിക്കുന്ന ഇന്ധനവില, യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരുകള്‍. ജനങ്ങള്‍ പ്രതിഷേധിക്കുക എന്ന ആവശ്യമുയര്‍ത്തിയാണ് ആലുവ സ്വദേശി എം.ജെ.അഫ്സലും തിരൂര്‍ സ്വദേശി കെ.പി.അഫ്സലും കശ്മീരിലേക്ക് സൈക്കിള്‍ ചവിട്ടുന്നത്. ഇരുവരും തമ്മില്‍ മുന്‍പരിചയമില്ല, രണ്ടുപേരും രണ്ട് ലക്ഷ്യവുമായി സൈക്കിള്‍ ചവിട്ടുകയായിരുന്നു. ഇന്ധനവിലവര്‍ധനയ്ക്കെതിരെ കെ.പി.അഫ്സലിന്‍റെ യാത്ര കശ്മീരിലേക്ക് ആയിരുന്നു. കേരള യാത്ര നടത്തുകയായിരുന്നു എം.ജെ.അഫ്സലിന്‍റെ ഉദ്ദേശം. വടകരയില്‍വച്ച് ഒരുമിച്ച് കണ്ടപ്പോള്‍ തിരൂര്‍ സ്വദേശി അഫ്സല്‍ ആലുവക്കാരന്‍ അഫ്സലിന്‍റെ ആശയത്തോട് യോജിച്ചു. എണ്ണക്കമ്പനികളുടെ ലാഭക്കൊതിയില്‍ നഷ്ടം സാധാരണക്കാര്‍ക്ക്, അത് മാത്രമാണ് വേറിട്ട ഇത്തരമൊരു പ്രതിഷേധത്തിന് കാരണമായത്. 

ഹോട്ടല്‍ തൊഴിലാളിയാണ് ആലുവക്കാരന്‍ അഫ്സല്‍, തിരൂര്‍ സ്വദേശി അഫ്സലാകാട്ടെ മൊബൈല്‍ ടെക്നീഷ്യനും. കൃത്യമായി എന്ന് എത്തണം എന്ന് മനസ്സില്‍ ഇല്ലെങ്കിലും ദിവസവും നൂറുകിലോമീറ്റര്‍ വീതം ഇപ്പോള്‍ പിന്നിടുന്നുണ്ട്. ലഡാക്കിലെത്തിച്ചേരുക എന്നതാണ് ഇവരുടെ ലക്ഷ്യം.