ഇത് സിപിഎം മേള; മരിക്കും വരെ ഞാൻ കോൺഗ്രസ്; തുറന്നടിച്ച് സലീംകുമാർ: വിഡിയോ

‘ഇത് പ്രായക്കൂടുതൽ കൊണ്ടൊന്നുമല്ല, ഞാനൊരു കോൺഗ്രസുകാരനായതുകൊണ്ടാണ്. അവിടെ നടക്കുന്നത് ഒരു സിപിഎം മേളയാണ്. അഭിമാനത്തോടെ ഞാൻ ഇനിയും പറയും. ഞാനൊരു കോൺഗ്രസുകാരനാണ്. മരിക്കും വരെ അങ്ങനെതന്നെ.’ ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും ഒഴിവാക്കിയ വിവാദത്തെ കുറിച്ച് സലീംകുമാർ മനോരമ ന്യൂസിനോട് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. പ്രായക്കൂടുതൽ കൊണ്ട് ഒഴിവാക്കുന്നു എന്ന ന്യായം പറയുന്നത് എന്തിനാണ്. കോൺഗ്രസുകാരനായത് െകാണ്ട് ഒഴിവാക്കുന്നു എന്ന് പച്ചയ്ക്ക് പറഞ്ഞു കൂടെ. അദ്ദേഹം ചോദിക്കുന്നു.

‘എനിക്ക് 90 വയസൊന്നുമായിട്ടില്ല. ആഷിഖ് അബുവും അമൽ നീരദും ഞാനുമെല്ലാം ഒരേസമയം കോളജിൽ പഠിച്ചവരാണ്. അവരെക്കാൾ രണ്ട് മൂന്നു വയസ് എനിക്ക് കൂടുതൽ കാണും. ഞാൻ കാരണം തിരക്കിയപ്പോൾ പ്രായമുള്ളവരെ ഒഴിവാക്കുന്നു എന്നാണ് പറഞ്ഞത്. സോഹൻ സീനുലാലിനെ വിളിച്ച് ചോദിച്ചപ്പോഴാണ് ഈ മറുപടി കിട്ടിയത്. തിരുവനന്തപുരത്ത് വച്ച് ടിനിടോം സംഘാടകരോട് ചോദിച്ചതാണ്, എറണാകുളത്ത് വച്ചല്ലേ അപ്പോൾ സലീമിനെ വിളിക്കേണ്ട എന്ന്. അപ്പോൾ വിട്ടുപോയതാണെന്ന് പറയാൻ പറ്റില്ലല്ലോ. വിവാദമായപ്പോൾ എന്നെ വിളിച്ചു. വേണമെങ്കിൽ വന്ന് കത്തിച്ചോ എന്ന പോലെ. ഞാൻ പോകില്ല. എന്നെ മാറ്റി നിർത്താൻ ശ്രമിച്ചവർ ഇപ്പോൾ വിജയിച്ചു. ഞ​ാൻ അവിടെ പോയി അവരെ തോൽപ്പിക്കുന്നില്ല. ഞാൻ തോറ്റോളാം. ഇനി എന്തൊക്കെ പറഞ്ഞാലും മരിക്കും വരെ ഞാനൊരു കോൺഗ്രസുകാരൻ തന്നെയാണ്. അതിനൊരു മാറ്റവുമില്ല.’ സലീം കുമാർ പറഞ്ഞു. 

എറണാകുളം ജില്ലയിലെ അക്കാദമി അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് ചടങ്ങിൽ തിരി തെളിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തിൽ മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള സലീംകുമാറിനെ രാഷ്ട്രീയത്തിന്റെ പേരിൽ ഒഴിവാക്കുകയായിരുന്നു. വിഡിയോ കാണാം.