‘അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്, നാറ്റിക്കരുത്’; നർമ്മം കലർത്തി സലിംകുമാർ

രമേശ് പിഷാരടിയുടെ ഏറ്റവും പുതിയ പോസ്റ്റും അടിക്കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  നടൻ സലീം കുമാറിനൊപ്പമുള്ള ഫൊട്ടോയ്ക്ക് ആരോ ചെയ്ത ട്രോളാണ് പോസ്റ്റ്. സലീം കുമാറിന്റെ ട്രൂപ്പിലൂടെയാണ് രമേശ് പിഷാരടി ഹാസ്യരംഗത്ത് ചുവടുറപ്പിക്കുന്നത്. സലീം കുമാറിനൊപ്പം നടത്തിയ സ്റ്റേജ് ഷോയിലെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇതാണ്” സകല വിദ്യകളും പഠിപ്പിച്ചത് ഒരു സകലകലാ വല്ലഭൻ ആകുമ്പോൾ, ഓൾ റൗണ്ടർ അവാർഡ് ഇങ്ങേരുടെ കയ്യിൻ ഇരുന്നില്ലേൽ ആയിരുന്നു അത്ഭുതം.”

ട്രോൾ കണ്ട പിഷാരടി അത് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. “അയച്ചു കിട്ടിയ ഈ ട്രോൾ പോസ്റ്റ് ചെയ്‌ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു…..ആശാൻ ആശാൻ..” ഇതായിരുന്നു  രമേശ് നൽകിയ അടിക്കുറിപ്പ്. എന്നാൽ ഇതിന് മറുപടിയുമായി സലീം കുമാർ തന്നെയെത്തി. മായാവി എന്ന ചിത്രത്തിലെ തന്റെ തന്നെ ഡയലോഗാണ് താരം രമേശ് പിഷാരടിക്ക് മറുപടിയായി നൽകിയത്.

“അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്… അതും ഫേസ്ബൂക്കിന്റെ നടയിൽ വെച്ച്. ഞാൻ ഫസ്റ്റിലെ പറഞ്ഞതാണ്… കൈയബദ്ധം ഒന്നും കാണിക്കരുത്… നാറ്റിക്കരുതെന്ന്.. !”

സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം സിനിമാഭിനയത്തിലും മികവ് തെളിയിച്ചു