അഞ്ചുവര്‍ഷമായി മണ്ഡലത്തിലെ സാന്നിധ്യം; മങ്കടയില്‍ ഇത്തവണയും റഷീദലി

കഴിഞ്ഞ വട്ടം മലപ്പുറം മങ്കടയില്‍ മുസ്്ലീംലീഗ് ക്യാംപിനെ ഞെട്ടിച്ച സി.പി.എം സ്ഥാനാര്‍ഥി ടി.കെ. റഷീദലി ഇപ്രാവശ്യവും ഇടതു സ്ഥാനാര്‍ഥിയായി ജനവിധി തേടും. പരാജയത്തിനു ശേഷവും കഴിഞ്ഞ 5 വര്‍ഷമായി മണ്ഡലത്തില്‍ ടി.കെ. റഷീദലിയുടെ സാന്നിധ്യമുണ്ട്.

വോട്ടു കണക്കില്‍ മുസ്്ലീംലീഗിന്റെ ശക്തികേന്ദ്രമായി കണക്കാക്കിയ മങ്കടയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് എണ്ണിയപ്പോള്‍ എല്‍.ഡി.എഫ് ക്യാംപിനെ പോലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ടി.കെ. റഷീദലി നടത്തിയത്. ഒടുവില്‍ 1508 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ഥി ടി.എ. അഹമ്മദ് കബീര്‍ വിജയിച്ചത്. സി.പി.എം പ്രാദേശിക നേതാവെന്ന നിലയിലും മങ്കടയിലെ അങ്ങാടിപ്പുറത്തു നിന്നുളള ജില്ല പഞ്ചായത്ത് അംഗം എന്ന മേല്‍വിലാസത്തിലും  കഴിഞ്ഞ 5 വര്‍ഷമായി നാട്ടിലെ സ്ഥിരം സാന്നിധ്യമെന്നത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ടി.കെ. റഷീദലിയെ ഒരിക്കല്‍ കൂടി പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. 

ഇടതു സ്വതന്ത്രസ്ഥാനാര്‍ഥിയായി മഞ്ഞളാംകുഴി അലി 2 വട്ടം മങ്കട പിടിച്ചതും ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ യു.ഡി.എഫ് വളരെ മുന്നിലാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ റഷീദലിയുടെ യുവത്വവും പ്രാദേശിക ബന്ധങ്ങളും നേട്ടമാകുമെന്ന വിശ്വാസത്തിലാണ് സി.പി.എം നേതൃത്വം.