അനധികൃത പരസ്യബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യണം; കർശന നിലപാടുമായി ഹൈക്കോടതി

പാതയോരങ്ങളിലെ അനധികൃത പരസ്യങ്ങള്‍ക്കെതിര കര്‍ശന നിലപാടുമായി ഹൈക്കോടതി. പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള  പരസ്യബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. സ്വീകരിച്ച നടപടികള്‍ വിശദമാക്കി മൂന്നു മാസത്തിനകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 

പാതയോരങ്ങളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ അപകടക്കെണിയായി മാറുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ കര്‍ശന ഇടപെടല്‍. ദേശീയ പാതകളിലും പൊതു നിരത്തുകളിലും നടപ്പാതകളിലുമുള്ള അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. വകുപ്പ് സെക്രട്ടറിമാരും ജില്ലാ കലക്ടര്‍മാരും ഇതിനാവശ്യമായ ഉത്തരവുകള്‍ ഇറക്കണം. അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ സഹായം ജില്ലാ പൊലീസ് മേധാവികള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുമാണ്. 

പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങളുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നത് സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി വിശദപഠനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. വൈദ്യുത പോസ്റ്റുകളിലും മരങ്ങളിലുമുള്ള കേബിള്‍ കുരുക്കുകള്‍ നീക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ പൊലീസ് രാത്രികാല പട്രോളിങ് കര്‍ക്കശമാക്കണം. ഉത്തരവ് നടപ്പാക്കിയതിന്‍റെ വിശദാംശങ്ങള്‍ മൂന്നു മാസത്തിനകം ഹൈക്കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവില്‍ പറയുന്നു.