വഞ്ചിയില്‍ കേരളം ചുറ്റാന്‍ അച്ഛനും മകനും; സ്വപ്നയാത്രയുടെ ആദ്യപടി

വഞ്ചിയില്‍ കേരളം ചുറ്റാന്‍ അച്ഛനും മകനും ഒരുങ്ങുന്നു. വഞ്ചി വാങ്ങാനും യാത്രാചെലവിനുമായി ആധാരം പണയപ്പെടുത്തിയാണ് തുക സ്വരൂപിച്ചത്. തൃശൂര്‍ മാളയില്‍ നിന്നാണ് അഛ്ഛന്റേയും മകന്റേയും കഥ. 

തൃശൂര്‍ മാള സ്വദേശികളായ ഭരതനും മകന്‍ അഭിജിത്തുമാണ് വഞ്ചിയില്‍ കേരളം ചുറ്റാന്‍ തുടങ്ങുന്നത്. യൂ ട്യൂബര്‍ കൂടിയാണ് അഭിജിത്ത്. അച്ഛനൊടൊപ്പമുള്ള വഞ്ചിയാത്രയിലൂടെ കേരള കാഴ്ചകള്‍ അവതരിപ്പിക്കാനാണ് ശ്രമം. കായലിലൂടേയും പ്രാദേശിക ജലാശയങ്ങളിലൂടേയും മാത്രമാണ് സഞ്ചാരം. വഞ്ചിവീടൊരുക്കാന്‍ വീടിന്റെ ആധാരം പണയത്തിലാക്കി തുക കണ്ടെത്തി.  കേരളം ചുറ്റിക്കറങ്ങാന്‍ ഭരതനും അഭിജിത്തും ഒരുക്കിയ വഞ്ചി വെറും വഞ്ചിയല്ല, അതൊരു വീടുതന്നെയാണ്. വീടിനുള്ളിലെ ഒട്ടുമിക്ക സൗകര്യങ്ങളും ഈ കൊച്ചുവഞ്ചിയില്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള മുതല്‍ ശുചിമുറി വരെ. ഫൊട്ടോ ആല്‍ബം ഡിസൈനറാണ് അഭിജിത്ത്. യാത്രാമദ്ധ്യേ ജോലികള്‍ ചെയ്യാനും സൗകര്യമുണ്ട്. ആറു മണിക്കൂര്‍ വരെ വൈദ്യുതി ലഭിക്കത്തക്ക രീതിയിലാണ് സംവിധാനങ്ങള്‍.

കടല്‍യാത്രകള്‍  ഭാവിയില്‍ നടത്തണമെന്ന ആഗ്രഹമുണ്ട് ഇരുവര്‍ക്കും. വഞ്ചിയാത്ര വിജയിച്ചാല്‍ മാത്രമേ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകൂ. കൂടുതല്‍ പേര്‍ കാഴ്ചകള്‍ കണ്ടാല്‍ യൂ ട്യൂബില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് സ്വപ്നയാത്രകള്‍ നടത്തണമെന്നാണ് മോഹം.