
രസതന്ത്ര അധ്യാപകനായിരുന്നു കെ.വി.തോമസ്. ജീവിതത്തില്‍ രസികന്‍, രാഷ്ട്രീയത്തില്‍ തന്ത്രജ്ഞന്‍, അധികാരത്തില്‍ രസംപിടിച്ചവന്‍. പാലങ്ങളില്ലാതെ കൊച്ചി കായലില്‍ ഒറ്റപ്പെട്ടു കിടന്ന കുമ്പളങ്ങി ദ്വീപില്‍ നിന്ന് കൊച്ചി വഴി നേരെ ഫ്ലൈഓവറിട്ട് ഡല്‍ഹിയിലെത്തി പലവട്ടം പലതും നേടിയവന്‍. പക്ഷേ, തോമസിനെ കുറ്റപ്പെടുത്തുന്നവര്‍ ഓര്‍ക്കുക. കൊച്ചി പഴയ കൊച്ചി തന്നെയാണ്. ഇവിടെ രാഷ്ട്രീയം തനിയാവര്‍ത്തനം. കോണ്‍ഗ്രസുകാരായ കൊച്ചിയിലെ വിഖ്യാത നേതാക്കള്‍– എ.എ.കൊച്ചുണ്ണിയും സേവിയര്‍ അറയ്ക്കലും മുന്‍പേ ഇടത്തേയ്ക്ക് പറന്നവരാണ്. മുഖമറയില്ലാതെ ദ് ഫോര്‍ത് അംപയറിലേക്കു സ്വാഗതം. വിഡിയോ കാണാം.
കെ.വി.തോമസ് ഓഫ് കുമ്പളങ്ങി, അസ്റ്ററിക്സ് ഓഫ് ഗോള്‍ എന്നു പറയുന്നതുപോലെ. കുമ്പളങ്ങിയുടെ അസ്റ്ററിക്സാണ് കെ.വി.തോമസ്. റോമന്‍ അധിനിവേശത്തെ ചെറുക്കുന്ന ഒരുകൂട്ടം പോരാളികളും നിഷ്കളങ്കരുമായ ഗ്രാമീണരെക്കുറിച്ചുള്ള വിഖ്യാത കോമിക്സ് പരമ്പരയാണ് അസ്റ്ററിക്സ്. ഗോളില്‍ കാട്ടുപന്നിയാണ് ഇഷ്ടഭക്ഷണമെങ്കില്‍ കുമ്പളങ്ങിക്കാര്‍ക്ക് അത് മീന്‍ ആണ്. കുമ്പളങ്ങി കായല്‍തീരത്തെങ്കില്‍ അസ്റ്ററിക്സിന്റെ ഗ്രാമം കടല്‍ത്തീരത്താണ്. കേരളത്തില്‍ അസ്റ്ററിക്സ് ആരാധകരായ രണ്ട് പ്രമുഖരില്‍ ഒരാളാണ് മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയും എംപിയും എംഎല്‍എയും മുന്‍ പിഎസി ചെയര്‍മാനുമൊക്കെയായ കെ.വി.തോമസ്. മറ്റൊരാള്‍ മുന്‍ എന്‍ഐഎ മേധാവിയും ഇപ്പോള്‍ ഡിജിപിയുമായ ലോക്നാഥ് ബെഹ്റ. അസ്റ്ററിക്സിന്റെ എല്ലാ പതിപ്പുകളും ശേഖരിക്കുന്നവരാണ് ഇരുവരും. രസികരാണ് ഗോള്‍ നിവാസികള്‍. ജീവിതം ആഘോഷിക്കുന്നവരാണ്. പെട്ടെന്ന് ക്ഷോഭിക്കുന്നവരുമാണ്. മാധ്യമങ്ങളോട് കെ.വി.തോമസ് ക്ഷോഭിച്ച പോലെ.
അസ്റ്ററിക്സ് ആരാധകനായ ബെഹ്റയും കെ.വി.തോമസും ഒരേപോലെ ലീഡറിന്റെ വിശ്വസ്തരുമായിരുന്നു. അസ്റ്ററിക്സിന്റെ പോരാട്ടം റോമന്‍ അധിനിവേശത്തോടാണെങ്കില്‍ കെ.വി.തോമസ് പോരാടുന്നത് തനിക്ക് അര്‍ഹതപ്പെട്ടതെന്ന് സ്വയം വിശ്വസിക്കുന്ന സ്ഥാനങ്ങള്‍ തട്ടിയെടുക്കാന്‍ വരുന്നവരോടാണ്. അസ്റ്ററിക്സ് കോമിക്സിന് തലമുറകള്‍ കടന്ന് ഇന്നും ആരാധകരുള്ളപ്പോള്‍ കോണ്‍ഗ്രസില്‍ തലമുറ മാറ്റമെന്ന മുദ്രാവാക്യം പണ്ടേ ഉയര്‍ത്തിയത് കെ.വി.തോമസ് മാഷാണെന്നും അറിയുക. മാത്രമല്ല അദ്ദേഹത്തിന്റെ ആദ്യപോരാട്ടം ഇതേപോലെ പ്രശ്നങ്ങളുയര്‍ത്തി കോണ്‍ഗ്രസ് വിട്ട എ.എ.കൊച്ചുണ്ണിയോടും ആയിരുന്നു. വിമത ശബ്ദമുയര്‍ത്തി സിറ്റിങ് എംപി സേവിയര്‍ അറയ്ക്കലും 1984ലെ ഈ പോരാട്ടത്തില്‍ കെ.വി.തോമസിനെതിരെ പത്രിക നല്‍കി. അന്നത്തെ കെപിസിസി പ്രസിഡന്റ് സി.വി.പത്മരാജന്‍ പറഞ്ഞിട്ടും അറയ്ക്കല്‍ കേട്ടില്ല. ഒടുവില്‍ പിന്മാറിയപ്പോള്‍ അന്ന് സേവിയര്‍ അറയ്ക്കല്‍ പറഞ്ഞതും തോമസ് മാഷ് പറഞ്ഞതു പോലെ തന്നെയായിരുന്നു.
സോണിയാജിക്കു പകരം രാജീവ്ജി എന്നു മാത്രമാണ് അറയ്ക്കല്‍ പറഞ്ഞതില്‍ വ്യത്യാസമുണ്ടായിരുന്നത്. തോമസിനെപ്പോലെ തന്നെ അധ്യാപകനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമൊക്കെയായിരുന്ന എ.എ. കൊച്ചുണ്ണിയായിരുന്നു ഇടതു സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ട് സ്വന്തം പ്രസ്ഥാനമുണ്ടാക്കി ഒടുവില്‍ കോണ്‍ഗ്രസ് എസ് വഴി ഇടതുമുന്നണിയിലെത്തി. അന്ന് തോമസിന്റെ ആദ്യമല്‍സരത്തില്‍ തന്നെ പ്രവചനാത്മകമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം മനോരമ പ്രസിദ്ധീകരിച്ചു. കീപ് ലെഫ്റ്റ് എന്ന ട്രാഫിക് സിഗ്നല്‍ കാണിച്ച് ഇടത്ത് ഉദിക്കുന്ന നക്ഷത്രം എന്ന കാപ്ഷനോടെ. ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ചൊല്ല്. പക്ഷേ, ആദ്യം അത് ചരിത്രസംഭവമായിരിക്കും, പിന്നീട് ആക്ഷേപനാടകമായി മാറുമെന്ന് മാത്രം.
തോമസിന്റെ പാര്‍ട്ടിയും രസതന്ത്രം പോലെയാണ്. കോണ്‍ഗ്രസിലും ഗ്രൂപ്പുണ്ട്, കെമിസ്ട്രി പീരിയോഡിക്കല്‍ ടേബിളില്‍ അഥവാ ആവര്‍ത്തനപ്പട്ടികയിലും ഇതേ പോലെ ഇംഗ്ലീഷിലെ പല അക്ഷരങ്ങളുടെ പേരിലുംഗ്രൂപ്പുണ്ട്. പക്ഷേ, കോണ്‍ഗ്രസില്‍ ഒരു തോമസ് ഗ്രൂപ്പ് ഉണ്ടായില്ല. പണ്ട് ലീഡറായിരുന്നു എല്ലാം. കൊച്ചി പനമ്പിള്ളി നഗറിലെ പത്മജയുടെ വീടായിരുന്നു ഹൈക്കമാന്‍ഡ്. ലീഡര്‍ക്കു പിന്നാലെ എ.കെ.ആന്റണിയോട് അടുത്തു. ഡല്‍ഹിയിലും പിടി മുറുക്കി. ഹൈക്കമാന്‍ഡ് തന്നെയായി ഹൈക്കമാന്‍ഡ്. എല്ലാം ഹൈക്ലാസ്.
പാര്‍ട്ടി ഭേദമെന്യേയുള്ള ഉന്നതര്‍ തോമസ് മാഷിന്റെ അടുപ്പക്കാരാണ്. ആ ആതിഥ്യമര്യാദ അറിഞ്ഞവരും ഏറെ.
എല്ലാവരെയും ചിരിച്ചുകാണിക്കുന്ന, സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന തോമസ് മാഷിന് ശത്രുക്കളും ഉണ്ടെന്നറിയുന്നതുതന്നെ അദ്ദേഹത്തെ പുറമെ കാണുന്നവര്‍ക്ക് അത്ഭുതമാണ്. കേരളത്തിലെ ഇപ്പോഴത്തെ നേതാക്കളില്‍ പലരുമായും അദ്ദേഹത്തിന് അത്ര നല്ല കെമിസ്ട്രിയുമല്ല. കുറുപ്പശേരി വര്‍ക്കി തോമസ് അധികാരത്തിന്റെ കറുപ്പില്‍ മയങ്ങിയവനെന്ന് അവര്‍ പറയും. അവരോടും തോമസിന് കൃത്യമായ മറുപടിയുണ്ട്.
ഒരുകാര്യം കൂടി. 1984ല്‍ കെ.വി.തോമസിനായി പിന്മാറിയ സേവ്യര്‍ അറയ്ക്കല്‍ 1996ല്‍ ഇടതുസ്ഥാനാര്‍ഥിയായി മല്‍സരിച്ചു. ഫ്രഞ്ച് ചാരക്കേസില്‍പെട്ട് വലഞ്ഞിരുന്ന കെ.വി.തോമസിനെ തോല്‍പിച്ചു. തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പുവരെ കോണ്‍ഗ്രസുകാരനായി നടന്നിട്ട് എതിര്‍ചേരിയിലേക്കു പോയവരെ ജനം വിലയിരുത്തുമന്നാണ് അന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടന്നിരുന്നത്. ഇന്നും അതുതന്നെ പറയാന്‍ അരങ്ങൊരുങ്ങുമോ. എല്ലാം അങ്ങ് മുകളില്‍ ഇരിക്കുന്നവന്, അതായത് ഹൈക്കമാന്‍ഡിന് അറിയാം. ഒരു കാര്യം ഉറപ്പ് – ചര്‍ച്ചകള്‍ തുടരും, തലമുറ മാറും. പക്ഷേ രേഖ തെളിയുന്നത് മകള്‍ രേഖ തോമസിനാവുമോ എന്നതും ഒരു ചോദ്യമാണ്.