മുറികളും വാഹനങ്ങളും അണുവിമുക്തമാക്കാം; ഓസോണ്‍ സാനിറ്റൈസര്‍ വിപണിയില്‍

കോവിഡ് അണുനശീകരണത്തിന് ഓസോണ്‍ സാനിറ്റൈസര്‍ വിപണിയില്‍. മുറികളും, വാഹനങ്ങളും ഫലപ്രദമായി അണുവിമുക്തമാക്കാന്‍ സാധിക്കുമെന്നതാണ് യന്ത്രത്തിന്റെ ഗുണം.  ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യന്ത്രത്തിന് വിദേശ ഗുണനിലവാര ഏജന്‍സികളുടെ അംഗീകാരമടക്കം ലഭിച്ചിട്ടുണ്ട്.ഓസോണ്‍ വാതകത്തിന്റെ അണുനശീകരണ ശേഷിയാണ് ഈ യന്ത്രത്തിന്റെ കരുത്ത്. വാതകം ആയതുകൊണ്ട് മുറിക്കുള്ളില്‍ എവിടെയും കടന്നെത്തും. എ.സിയുണ്ടെങ്കില്‍ അത് പ്രവര്‍ത്തിപ്പിച്ചുകൊണ്ടുതന്നെ ഈ ഓസോണ്‍ സാനിറ്റൈസറും പ്രവര്‍ത്തിപ്പിക്കാം. മുറിക്കുള്ളതൊന്നും മാറ്റുകയോ മറ്റ് ക്രമീകരണങ്ങളോ വേണ്ട. പ്രത്യേകതരം സെറാമിക് കോയിലിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ സമീപത്തുള്ള അന്തരീക്ഷ വായുവിലെ ഓക്സിജന്‍ വിഘടിക്കുകയും തുടര്‍ന്ന് ഓസോണ്‍ ഉണ്ടാവുകയുമാണ് ചെയ്യുന്നത്. അടച്ചിട്ട മുറിയില്‍ അരമണിക്കൂര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കണം. ഇതോടെ മുറിക്കുള്ളിലെ ഓസോണ്‍ സാന്ദ്രത ഉയര്‍ന്ന അളവിലെത്തും. പുകപടലം പോലെ ഓരോ മുക്കിലും മൂലയിലുമെത്തും. അരമണിക്കൂറിനുശേഷം അല്‍പസമയം വാതില്‍ തുറന്നിട്ടാല്‍ മതിയാകും. ജപ്പാനിലെ ഫുജിറ്റ സര്‍വകലാശാലയുമായി സഹകരിച്ചാണ് യന്ത്രം തയാറാക്കിയിരിക്കുന്നത്.

പതിനാറായിരം മുതല്‍ അറുപത്തി അയ്യായിരംവരെയാണ് വിവിധ മോഡലുകളുടെ വില. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്.