മതികെട്ടാന്‍ ബഫര്‍സോണ്‍ പ്രഖ്യാപനത്തില്‍ നിന്ന് തമിഴ്നാടിനെ പൂര്‍ണ്ണമായി ഒഴിവാക്കി

മതികെട്ടാന്‍ ദേശീയ ഉദ്യാന സംരക്ഷണത്തിന്‍റെ ഭാഗമായി ബഫര്‍സോണ്‍ പ്രഖ്യാപനത്തില്‍ നിന്ന്  തമിഴ്നാടിനെ പൂര്‍ണ്ണമായി ഒഴിവാക്കി. ഇടുക്കിയുടെ അതിര്‍ത്തി പഞ്ചായത്തായ ശാന്തമ്പാറയിലെ പതിനേഴു  ചതരുശ്ര കിലോമീറ്റര്‍ ജനവാസ മേഖല ബഫര്‍സോണില്‍ ഉല്‍പ്പെടുത്തിയാണ് അന്തിമ വിജ്ഞാപനം.  പൂജ്യം ബഫര്‍സോണ്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടിനെ അട്ടിമറിച്ച വനംവകുപ്പിനതിരേ പ്രതിഷേധം ശക്‌തം. 

2020 ഡിസംബര്‍ ഇരുപത്തിയെട്ടിനാണ് മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തിന്‍റെ ജനവാസ മേഖല ഉള്‍പ്പെടുത്തി  ബഫര്‍സോണ്  പ്രക്യാപിച്ചത്.  ദേശീയ ശരാശരിയെക്കാള്‍ വനമേഖല സംരക്ഷിക്കുന്ന കേരളത്തില്‍ പൂജ്യം ബഫര്‍ സോണ്‍ മതിയെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് മറികടന്നാണ് വനംവകുപ്പ് ഒരു കിലോമീറ്റര്‍ ദൂരപരിധികാണിച്ച് ശുപാര്‍ശ  നല്‍കിയത്. എന്നാല്‍ തമിഴ്നാടിന്‍റെ ഭാഗത്ത് പൂജ്യം ബഫര്‍സോണായി പരിഗണിക്കുകയും ചെയ്തു,  ഇതോടെ തോട്ടം -കാര്‍ഷിക മേഖലയായ ശാന്തമ്പാറ പഞ്ചായത്തിന്‍റെ 17. 5 ചതുരശ്ര കിലോമീറ്റര്‍ നിലവില്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ജനപ്രതിനിധികളോട് പോലും ആലോചിക്കാതെ സംസ്ഥാന സര്‍ക്കാരിന്‍റെ കാബിനറ്റ് തീരുമാനം പോലും മറികടന്നാണ് വനവകുപ്പ് നിലപാടെടുത്തിരിക്കുന്നതെന്ന് ഇടുക്കി എം പി  ഡീന്‍കുര്യാക്കോസ് കുറ്റപ്പെടുത്തി. 

പൂപ്പറ ടൗൺ, തലക്കുളം തോണ്ടിമല, കോരംപാറ, മുള്ളൻതണ്ട് തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ ബഫർ സോണിൽ ഉൾപ്പെടും. അന്തിമ വിജ്ഞാപനം പിന്‍വലിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക സംഘടന നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ആക്ഷന്‍കൗണ്‍സിലിനും  രൂപം നല്‍കി. 

കോവിഡ്  പശ്ചാത്തലത്തില്‍ വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന എല്ലാ ഉത്തരവുകളും ജൂണ്‍ മുപ്പതാം തീയതി വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. അന്തിമ വിജ്ഞാപം പുറപ്പെടുവിക്കേണ്ടത് ജൂണ്‍ മുപ്പതിന് ശേഷമാണെന്നിരിക്കെ ഇതിന് മുമ്പ് വിജ്‍ഞാപനമിറക്കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും, ഇടുക്കിയിലെ ജനങ്ങളെ കുടിയിറക്കി ഇവിടം വനമാക്കി മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും ആക്ഷന്‍കൗണ്‍സില്‍ ആരോപിച്ചു.