തോറ്റു; എങ്കിലും വാക്കു പാലിച്ചു; സ്വന്തം ചെലവിൽ ടിവിയും കേബിൾ കണക്ഷനും വാങ്ങി നൽകി

നെല്ലനാട് പരമേശ്വരം മാടത്തിവിളാകം കോളനിയിൽ ടിവി നൽകാനെത്തിയ ചടങ്ങിൽ പ‍ഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ പ്രസംഗിക്കുന്നു.ആർ.അപ്പുക്കുട്ടൻപിള്ള, വെഞ്ഞാറമൂട് സുധീർ, ആർ.എൻ.ശോഭ എന്നിവർ സമീപം

 മത്സരത്തിൽ വിജയവും പരാജയവും സാധാരണം മാത്രം. എന്നാൽ പൊതു ജീവിതത്തിൽ വാക്കു പാലിക്കുക എന്നത് ജീവിത ദൗത്യമാണെന്നു വിശ്വസിക്കുന്നയാളാണ് ആർ.എൻ.ശോഭ. പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിൽ നെല്ലനാട് പ‍ഞ്ചായത്തിലെ പരമേശ്വരം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ് ആർ.എൻ.ശോഭ. പരമേശ്വരം വാർഡിലെ മാടത്തിവിളാകം കോളനിയിൽ വോട്ട് അഭ്യർഥിച്ചു ചെന്നപ്പോൾ മാതാപിതാക്കളില്ലാത്ത, ഓൺലൈൻ പഠനം പ്രതിസന്ധിയിലായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടു.

തിരഞ്ഞെടുപ്പിൽ വിജയിച്ചാലും പരാജയപ്പെട്ടാലും ഓൺലൈൻ പഠനത്തിനു സൗകര്യം ചെയ്യാമെന്നു ഉറപ്പു നൽകി. തിര‍ഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷം സ്വന്തം ചെലവിൽ ടിവിയും കേബിൾ കണക്ഷനും വാങ്ങി നൽകിയാണ് ശോഭ മാതൃകയായത്. കോളനിയിൽ നേരിട്ടെത്തി ടിവി കുട്ടിയുടെ രക്ഷകർത്താവിനു കൈമാറി. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, പഞ്ചായത്ത് അംഗം വെഞ്ഞാറമൂട് സുധീർ, മുൻ പഞ്ചായത്ത് വൈ.പ്രസിഡന്റ് ആർ. അപ്പുക്കുട്ടൻപിള്ള, കോൺഗ്രസ് നേതാക്കളായ രാമകൃഷ്ണൻ, ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു. കോളനിയിലെ കുടിവെള്ള പ്രശ്നത്തിനും ശാശ്വത പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ പറഞ്ഞു.